
മനാമ: നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈനിലെ ബന്ധപ്പെട്ട അധികാരികളുമായും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ സഹപ്രവർത്തകരുമായും സഹകരിച്ച് വിദേശത്തുള്ള ബഹ്റൈൻ പൗരരുടെ കര അതിർത്തി കടന്നുള്ള തിരിച്ചുവരവ് സുഗമമാക്കുകയും അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുകയും ചെയ്യാൻ വിദേശകാര്യ മന്ത്രാലയം സൗകര്യമൊരുക്കി.
രാജ്യത്തിന്റെ എംബസികളുമായും കോൺസുലേറ്റുകളുമായും സജീവമായ ആശയവിനിമയത്തിലൂടെയും ഏകോപനത്തിലൂടെയും വിദേശത്തുള്ള ബഹ്റൈൻ പൗരരുടെ അവസ്ഥ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണ്. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുകയും അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
വിദേശത്തുള്ള എല്ലാ ബഹ്റൈൻ പൗരരും അവരുടെ കോൺടാക്റ്റ്, റെസിഡൻസി വിശദാംശങ്ങൾ താഴെ പറയുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു:
https://registration.mofaservices.gov.bh/
അടിയന്തര സാഹചര്യങ്ങളിലോ സഹായം അഭ്യർത്ഥിക്കാനോ പൗരർ ബഹ്റൈന്റെ ഏറ്റവുമടുത്തുള്ള എംബസിയെയോ കോൺസുലേറ്റിനെയോ അല്ലെങ്കിൽ +973 1722 7555 എന്ന നമ്പറിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ 24 മണിക്കൂർ കോൺടാക്റ്റ് ആൻ്റ് ഫോളോ-അപ്പ് സെന്ററിനെയോ ബന്ധപ്പെടാൻ മന്ത്രാലയം നിർദേശിച്ചു.


