
മനാമ: ഫെബ്രുവരി 28ന് രാവിലെ മുതൽ ബഹ്റൈന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യം വെച്ചെത്തിയ ഇറാന്റെ 70 മിസൈലുകളും 76 ഡ്രോണുകളും ബഹ്റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതായി ബി.ഡി.എഫ്. ജനറൽ കമാൻഡ് അറിയിച്ചു. നിരന്തരവും ക്രൂരവുമായ ഈ തീവ്രവാദ ആക്രമണം സാധാരണക്കാരുടെ സ്വത്തുക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സാരമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഏതൊരു ഭീഷണിയെയും ഉടനടി നിർവീര്യമാക്കാൻ എല്ലാ പ്രതിരോധ സംവിധാനങ്ങളും ഏറ്റവും ഉയർന്ന സജ്ജീകരണത്തിലാണെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി.
ബഹ്റൈൻ തങ്ങളുടെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള നിയമപരമായ അവകാശം വീണ്ടും ഉറപ്പിച്ചിട്ടുണ്ട്.
ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ പുറത്തുപോകാവൂ എന്നും വ്യക്തിപരമായ സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കണമെന്നും ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.


