
മനാമ: ബഹ്റൈനിൽ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും നിർവചനങ്ങൾ, ഉത്തരവുകൾ, നടപടിക്രമങ്ങൾ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിനുമായി 1973ലെ ഡിക്രി-നിയമത്തിലെ (14) ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം 2026 (8) അംഗീകരിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു.
ശൂറ കൗൺസിലും പ്രതിനിധി കൗൺസിലും അംഗീകരിച്ചതിനെ തുടർന്നാണ് ഭേദഗതിക്ക് രാജാവ് അംഗീകാരം നൽകിയത്.
നിയമഭേദഗതിയനുസരിച്ച് എല്ലാ പരസ്യങ്ങൾക്കും ബന്ധപ്പെട്ട അധികാരകേന്ദ്രത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. നിയമം ലംഘിച്ചുള്ള പരസ്യങ്ങൾ പരിശോധിക്കാനും നീക്കംചെയ്യാനും ബന്ധപ്പെട്ട മന്ത്രാലയത്തിന് അധികാരമുണ്ടാകും. കൂടാതെ ലൈസൻസുകൾ താൽക്കാലികമായോ സ്ഥിരമായോ പിൻവലിക്കാനും അധികാരമുണ്ടാകും. ലൈസൻസില്ലാത്ത പരസ്യങ്ങൾ, തെറ്റായ വിവരങ്ങൾ നൽകൽ, ഇൻസ്പെക്ടർമാരെ തടസ്സപ്പെടുത്തൽ, ലൈസൻസുള്ള പരസ്യങ്ങൾക്ക് കേടുപാടുകൾ വരുത്തൽ എന്നിവയ്ക്ക് പിഴയും നിയമലംഘനത്തിന്റെ തോതനുസരിച്ച് തടവുശിക്ഷയും ലഭിക്കും.
പ്രധാനമന്ത്രിയും മന്ത്രിമാരും അവരുടെ അധികാരപരിധിയിൽ ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കും. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള ദിവസം പ്രാബല്യത്തിൽ വരും.


