
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബ് സംഘടിപ്പിച്ച സ്വീകരണത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.
ഇന്ത്യയ്ക്ക് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും ആശംസകളും അഭിനന്ദനങ്ങളും അല്‍ സയാനി അറിയിച്ചു. തുടര്‍ച്ചയായ സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയും ആശംസിച്ചു.
ബഹ്റൈന്‍-ഇന്ത്യ പങ്കാളിത്തം പങ്കിട്ട ദര്‍ശനങ്ങളിലും പരസ്പര താല്‍പ്പര്യങ്ങളിലും മാത്രം അധിഷ്ഠിതമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമാക്കുന്ന അടുത്ത ബന്ധങ്ങളാലും സവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍-ഇന്ത്യ ഹൈ ജോയിന്റ് കമ്മീഷന്റെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറിന്റെയും പങ്ക്, കമ്മീഷന്റെ യോഗങ്ങളുടെ ഫലങ്ങള്‍, ഇരു രാജ്യങ്ങളുടെയും യോജിപ്പ്, സൃഷ്ടിപരമായ സഹകരണത്തിന്റെ നിരവധി മേഖലകള്‍ എന്നിവയും അദ്ദേഹം പരാമര്‍ശിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെയും ഇരു രാജ്യങ്ങള്‍ക്കും അവരുടെ ജനങ്ങള്‍ക്കും പൊതുവായ താല്‍പ്പര്യങ്ങളും നേട്ടങ്ങളും നല്കുന്ന രീതിയില്‍ വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പരസ്പര പ്രതിബദ്ധതയില്‍ അധിഷ്ഠിതമായ അവയുടെ തുടര്‍ച്ചയായ ശക്തിയെയും അംബാസഡര്‍ വിനോദ് കുര്യന് ജേക്കബ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.


