
ന്യൂയോർക്ക്: സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയ്ക്കുള്ള പിന്തുണ ബഹ്റൈൻ ആവർത്തിച്ച് പ്രഖ്യാപിച്ചു.
സിറിയയിലെ രാഷ്ട്രീയ, മാനുഷിക സാഹചര്യങ്ങളെക്കുറിച്ചുള്ള യു.എൻ. സുരക്ഷാ കൗൺസിൽ യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ രാജ്യത്തിന്റെ സ്ഥിരം പ്രതിനിധിയെ പ്രതിനിധീകരിച്ച് ബഹ്റൈൻ കൗൺസിലർ സാമ സമീർ അൽ അലിവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ. അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ഖാലിദ് ഖിയാരി, യു.എൻ. മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസിലെ ഓപ്പറേഷൻസ് ആന്റ് അഡ്വക്കസി ഡയറക്ടർ എഡെം വോസോർനു എന്നിവരിൽനിന്ന് കൗൺസിൽ വിശദീകരണങ്ങൾ കേട്ടു.
സിറിയൻ സർക്കാരിനോട് ബഹ്റൈൻ പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സിറിയയുടെ സ്ഥിരതയും അറബ്, അന്താരാഷ്ട്ര ചുറ്റുപാടുകളിലേക്കുള്ള അതിന്റെ പുനഃസംയോജനവും വിശാലമായ പ്രാദേശിക സ്ഥിരതയ്ക്ക് അനിവാര്യമാണ്. സിറിയൻ ദേശീയ സംഭാഷണ സമ്മേളനം വിളിച്ചുകൂട്ടുന്നതുൾപ്പെടെയുള്ള രാഷ്ട്രീയ പരിഷ്കരണ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകാൻ സിറിയൻ സർക്കാർ സ്വീകരിച്ച നല്ല നടപടികളെ ബഹ്റൈൻ അംഗീകരിക്കുന്നുണ്ടെന്നും അലിവത്ത് വ്യക്തമാക്കി.


