
അബുദാബി: ആരോഗ്യമേഖലയിലെ മുൻനിര പ്രവർത്തകർക്ക് അംഗീകാരവുമായി ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ 1.5 കോടി ദിർഹം (ഏകദേശം 37 കോടി ഇന്ത്യൻ രൂപ) സാമ്പത്തിക അംഗീകാര ഫണ്ട് പ്രഖ്യാപിച്ചത്.
അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ ബുർജീൽ ഗ്രൂപ്പിന്റെ വാർഷിക യോഗത്തിൽ വച്ചായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തിയ പ്രഖ്യാപനം. 8,500 ലധികം ജീവനക്കാരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിനിടെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
കമ്പനിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നഴ്സിങ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന 10,000 മുൻനിര ആരോഗ്യപ്രവർത്തകർക്കാണ് ഈ പ്രഖ്യാപനത്തിലൂടെയുള്ള ആനുകൂല്യം ലഭിക്കുക.
ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നൽകുക. ഈ തുക ഒരു മാസത്തെയോ പകുതി മാസത്തെയോ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുകയായിരിക്കും.
സി ഇ ഒയുടെ പ്രസംഗത്തിനിടെ എസ് എം എസ്സിലൂടെയാണ് സാമ്പത്തിക അംഗീകാരവിവരം ജീവനക്കാർക്ക് ലഭിക്കുന്നത്. ഇതിൽ അത്ഭുതപരന്ത്രരായ ജീവനക്കാരോട് ഉടനെ തന്നെ ബാങ്ക് അക്കൗണ്ടിൽ ഈ തുക വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യമേഖലയിലെ ഏതെങ്കിലും ഒരു പ്രത്യേക വകുപ്പിനോ എന്തെങ്കിലും നിബന്ധനകളുടെയോ അടിസ്ഥാനത്തിലല്ല ഈ തുക നൽകുന്നത് എന്ന് സി ഇ ഒ ഡോ. ഷംഷീർ വയലിൽ പറഞ്ഞു . ആരോഗ്യ സേവനത്തിന്റെ നട്ടെല്ലായ മുൻനിര പ്രവർത്കരുൾപ്പെടുന്നവരുടെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണിത്. ഇവരാണ് രോഗികളുമായി ഏറ്റവും അടുത്ത് ഇടപഴകുകയും സമ്മർദ്ദങ്ങൾക്ക് നടുവിലും പ്രശ്നങ്ങൾ അതത് സമയങ്ങളിൽ പരിഹരിക്കുകയും ചെയ്യുന്നത്. അവരോടുള്ള നന്ദിയും വിശ്വാസവും പ്രകടിപ്പിക്കുന്നതിനാണ് ഈ അംഗീകാരം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലൊന്നായ ബുർജീൽ ഹോൾഡിങ്സിന് 14,000ത്തിലധികം ജീവനക്കാരാണുള്ളത്.


