
ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയില്‍ ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തു. പാസ്ബുക്ക്, ചെക്ക് ഉള്‍പ്പടെ രേഖകളാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു പരിശോധന.
ശനിയാഴ്ച പകല്‍ രണ്ടരയോടെ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ താഴമണ്‍ മഠത്തിലെത്തിയ എട്ടംഗ അന്വേഷണ സംഘം എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന പൂര്‍ത്തിയാക്കി രാത്രി 10.45നാണ് മടങ്ങിയത്. സംഘത്തിനൊപ്പമുണ്ടായിരുന്ന സ്വര്‍ണ മൂല്യനിര്‍ണയക്കാരനെ കൂടാതെ സ്ഥലത്തുനിന്ന് ഒരു സ്വര്‍ണപ്പണിക്കാരനെയും വൈകീട്ട് നാലരയോടെ അന്വേഷണ സംഘം വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലുള്ളവ കൂടാതെ ദക്ഷിണയായി ലഭിച്ച സ്വര്‍ണാഭരണങ്ങളും സംഘം പരിശോധിച്ചു. സ്വര്‍ണത്തിന്റെ മൂല്യം, കാലപ്പഴക്കം എന്നിവയാണ് പരിശോധിച്ചത്. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മറ്റ് സാമ്പത്തിക രേഖകളും പരിശോധിച്ചു.
ചെങ്ങന്നൂര്‍, പുളിക്കീഴ്, മാന്നാര്‍ സ്റ്റേഷനുകളിലെ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. തന്ത്രിയുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. അതിനിടെ കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ റിമാന്‍ഡിലായ രാജീവരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്പെഷ്യല്‍ സബ്ജയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ജയിലില്‍ ഭക്ഷണം നല്‍കാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി തന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്കും എത്തിക്കുകയും പിന്നാലെ ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.


