
തിരുവനന്തപുരം കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ കോൺഗ്രസും വാശിയേറിയ പോരാട്ടത്തിലാണ്. വിഴിഞ്ഞത്ത് ജയിച്ചാൽ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇടത്-വലത് വിമതന്മാർ അടക്കം ഒൻപത് പേരാണ് മത്സരരംഗത്ത്.
നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന വിഴിഞ്ഞത്ത് ആര് ജയിച്ചാലും തത്കാലത്തേക്ക് ഒന്നും സംഭവിക്കില്ല. പക്ഷെ, രാജ്യം തന്നെ ഉറ്റുനോക്കുന്ന തലസ്ഥാനനഗരിയിലെ ബിജെപി ഭരണത്തിന്റെ മുന്നോട്ട് പോക്കിൽ വിഴിഞ്ഞത്തെ ഫലം നിർണായകമാണ്. വിമതന്മാർ കൂടി കളം നിറയുന്ന തെരഞ്ഞടുപ്പിൽ ആകാംഷ ഏറെയാണ്.
2015ലും 20ലും സിപിഎം ജയിച്ച വാർഡ് നിലനിർത്താൻ സിപിഎം നിയോഗിച്ചത് കരുത്തനായ പ്രാദേശിക നേതാവ് എൻ.എ.നൗഷാദിനെയായിരുന്നു. കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടത് സിപിഎമ്മിന് കടുത്ത ക്ഷീണമായിരിക്കെ സിറ്റിംഗ് വാർഡ് നിലനിർത്തുക അഭിമാന പോരാട്ടമാണ്. മുൻ ഹാർബർ വാർഡ് കൗൺസിലർ കെ.എച്ച്.സുധീർഖാനെയാണ് ഇത്തവണ യുഡിഎഫ് വിഴിഞ്ഞത്ത് നിർത്തിയത്. വാർഡ് തിരിച്ചുപിടിക്കുക ലക്ഷ്യം. സിപിഎം-ബിജെപി ബന്ധമാണ് കോർപ്പറേഷനിലെ ഭരണമാറ്റത്തിൽ കണ്ടതെന്നാണ് പ്രധാന ആരോപണം. വിഴിഞ്ഞത്ത് ജയിച്ചാൽ എൻഡിഎയ്ക്ക് കേവലഭൂരിപക്ഷം സ്വന്തമായി ഉറപ്പിക്കാം. കോർപ്പറേഷൻ പിടിച്ചത്, വിഴിഞ്ഞത്തും തുണയ്ക്കമെന്നാണ് ബിജെപി സ്ഥാനാർത്ഥി സർവശക്തിപുരം ബിനുവിന്റെ പ്രതീക്ഷ.
ഇടത് – വലത് മുന്നണികൾക്ക് ഭീഷണിയാണ് വിമതന്മാർ. മുൻ കൗൺസിലർ എൻ.എ.റഷീദാണ് സിപിഎം വിമതൻ. മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ ഹുസൈൻ കോൺഗ്രസ് വിമതനാണ്. വിമതന്മാർ വോട്ട് പിടിച്ചാൽ വിഴിഞ്ഞത്ത് എന്തും സംഭവിക്കാം. വിഴിഞ്ഞത്ത് 13,000ലേറെ വോട്ടർമാരുണ്ട്. വാർഡ് വിഭജനത്തോടെ കോർപ്പറേഷനിലെ വലിയ വാർഡുകളിൽ ഒന്നായി മാറി. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ വോട്ടുകൾ ഒരുപോലെ നിർണായകമാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തോടെയാണ് വിഴിഞ്ഞത്ത് വോട്ടെടുപ്പ് മാറ്റിവച്ചത്.


