
ലോകം മുഴുവന്‍ ആരാധിക്കുന്ന താരമായിരിക്കുമ്പോഴും അമ്മയുടെ ലാലുവായിരുന്നു മോഹന്‍ലാല്‍. ഇന്നും അതങ്ങനെ തന്നെയാണ്. എത്ര വലിയ നേട്ടങ്ങളും പുരസ്കാരങ്ങളും തേടിയെത്തുമ്പോഴും അമ്മയുടെ അടുത്തേക്ക് ഓടിയെത്താനാണ് മോഹന്‍ലാല്‍ ആഗ്രഹിച്ചത്. കുഞ്ഞുന്നാളില്‍ സ്കൂളില്‍ നിന്നും വന്ന് അമ്മയോട് വിശേഷങ്ങള്‍ പറയുന്ന ലാലു തന്നെയായിരുന്നു അദ്ദേഹം എന്നും. അവസാന നാളുകളില്‍ അമ്മയോടൊപ്പം തന്നെയുണ്ടായിരുന്നു മോഹന്‍ലാല്‍.
മോഹന്‍ലാലിന്റെ സ്നേഹത്തണലായിരുന്നു എന്നും അമ്മ. മകന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അധികമാര്‍ക്കും അറിയാത്ത മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ പണ്ടൊരിക്കല്‍ കൈരളിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അമ്മ ശാന്തകുമാരി സംസാരിക്കുന്നുണ്ട്. ”ലാലു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചെയ്യുമ്പോള്‍ ഞാന്‍ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. നേരെ ആശുപത്രിയിലേക്കാണ് വന്നത്. പുറത്ത് ചുവന്ന പാട് കണ്ടു. അടിച്ചതാണെന്ന് ഞാന്‍ കരുതി. എനിക്ക് വിഷമം തോന്നി. അപ്പോള്‍ സിനിമയാണ്, അങ്ങനൊന്നും ചെയ്യില്ല എന്ന് ലാലു പറഞ്ഞു”.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. കാരണം അവന് വില്ലനല്ല. ആ പയ്യനെ പിടിച്ച് വില്ലന്‍ ആക്കിയല്ലോ എന്ന് സങ്കടമായി. അതില്‍ നിന്നല്ലേ തുടക്കം. നന്നായി ചെയ്തിരുന്നു. എങ്കിലും എനിക്ക് വിഷമമായി’ എന്ന വാക്കുകളില്‍ അവരുടെ നിഷ്കളങ്കതയും കരുതുലുമുണ്ടായിരുന്നു. ”ഇടിക്കുന്നതൊക്കെ കാണുമ്പോള്‍ സങ്കടം തോന്നും. വരുമ്പോള്‍ ഞാന്‍ നോക്കും ദേഹത്ത് മുറിവുണ്ടോ ചതവുണ്ടോ എന്നൊക്കെ. അന്നും നോക്കും ഇന്നും നോക്കും”, എത്ര വലിയ താരമാണെങ്കിലും അമ്മയ്ക്ക് തന്റെ മകന് എന്നും കുട്ടിയായിരിക്കുമെന്ന് ആ വാക്കുകള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.
”ചെരിഞ്ഞുള്ള നടത്തമൊക്കെ പണ്ടേയുണ്ട്. വീട്ടില്‍ കാണിക്കുന്ന വികൃതികള്‍ തന്നെയാണ് സിനിമയിലും കാണിക്കുന്നത്. താളവട്ടത്തിലൊക്കെ തല കുത്തി മറിയുന്നതൊക്കെ ഇവിടെ കാണിക്കുന്ന ഗോഷ്ടികളാണ്.” മോഹന്‍ലാലിന്റെ ആരാധകര്‍ നെഞ്ചേറ്റിയ മാനറിസങ്ങളെക്കുറിച്ച് അമ്മ പറഞ്ഞത് ഇങ്ങനെയാണ്. മകന് ആഗ്രഹിച്ചത് നടനാകാന്‍ മാത്രമായിരുന്നുവെന്ന് അറിയുമ്പോഴും അവനെയൊരു ഡോക്ടര്‍ ആക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അന്ന് അമ്മ പറയുന്നുണ്ട്.
”ഞങ്ങളുടെ വീട്ടില്‍ ഡോക്ടര്‍മാരില്ല. അതിനാല്‍ ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അയാളെ സംബന്ധിച്ച് അതൊന്നും പറ്റില്ല. ഇത് തന്നെയാകുമെന്ന് തോന്നിയിരുന്നു. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. കൊച്ചിലെ നന്നായി പാടുകയും ഡാന്‍സ് കളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു” എന്നാണ് അമ്മ പറഞ്ഞത്.


