
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്. അടിയന്തിര ആവശ്യമായി ഇക്കാര്യം പരിഗണിക്കണമെന്നും ഉദ്യോഗസ്ഥരെ ഉടനടി അനുവദിക്കണമെന്നുമാണ് എസ്ഐടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.
അതേസമയം കേസിൽ അന്വേഷണം സജീവമായി മുന്നോട്ട് പോവുകയാണ്. ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ എസ്ഐടി പരിശോധിക്കാൻ തീരുമാനിച്ചു. ഇയാൾ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നാണ് വിവരം. താൻ ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നുമുള്ള വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഇയാൾ. ഇത് മുഴുവൻ കളവാണെന്നും ഇയാൾ ഡി മണി തന്നെയെന്നുമാണ് എസ്ഐടിയുടെ വാദം. ദിണ്ടിഗലിൽ മണി നയിക്കുന്ന സമാന്തര സംവിധാനം കണ്ടെത്തി, സാമ്പത്തിക ഇടപാടുകളടക്കം വെളിച്ചത്തുകൊണ്ടുവരേണ്ട വെല്ലുവിളിയാണ് എസ്ഐടി നേരിടുന്നത്. 2 സിഐമാരെ കൂടി എസ്ഐടി സംഘത്തിൽ ഉൾപ്പെടുത്തിയതോടെ അന്വേഷണത്തിന് ഇത് ശക്തിയാകും.


