തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കൊവിഡ് പരിശോധന നടത്തിയ കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെയും കോൺഗ്രസിനെയും പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി.
‘ചായ കുടിച്ചാല്‍ കാശ് അണ്ണന് തരും കൊവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും വിലാസവും വേറെ അണ്ണന് തരും. ഹാഷ്ടാഗ് കൊവിഡ് സ്പ്രെഡിംഗ് യൂണിയന്’- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
അതിനിടെ ആൾമാറാട്ടം നടത്തി കോവിഡ് ടെസ്റ്റ് നടത്തിയ അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു. പകർച്ച വ്യാധി നിരോധന നിയമം, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പോത്തൻക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായരുടെ പരാതിയിലാണ് കേസെടുത്തത്.
ഇന്നലെയാണ് കെ.എം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി ആള്‍മാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയത്. സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്. എം കെ അബിയെന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്.
പരിശോധന നടത്തിയ അബിയെ കൊവിഡ് സ്ഥിരീകരിച്ച ശേഷം കാണാനില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് നല്കിയ പരാതിയില്‍ പറയുന്നു. 48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്കാണ് പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പ്ലാമൂട് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കെ.എം അബി, തിരുവോണം എന്ന മേല്‍വിലാസത്തില്‍ എത്തിയ ആളെ പരിശോധനയ്ക്ക് ശേഷം കാണാതായി.