
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള തികഞ്ഞ വിജയത്തോടെ സമാപിക്കുമ്പോള്‍, മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാര്‍ട്ണറായ കേരള സവാരി കാഴ്ചവെച്ച മികച്ച പ്രകടനം ഏറെ അഭിമാനകരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് മേളയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. മേളക്കാലത്ത് എണ്ണായിരത്തി നാന്നൂറോളം പ്രതിനിധികളാണ് കേരള സവാരിയുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്തിയത്. ഇത് ഒരു ചെറിയ കാര്യമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
17 ഓട്ടോകളും 4 ക്യാബുകളും ഉപയോഗിച്ച് നാലായിരത്തോളം ട്രിപ്പുകളാണ് കേരള സവാരി നടത്തിയത്. ഒരു തിയറ്ററില്‍ നിന്ന് അടുത്ത വേദിയിലേക്ക് സിനിമ കാണാനായി പായുന്ന ഡെലിഗേറ്റുകള്‍ക്ക് സമയബന്ധിതവും സുരക്ഷിതവുമായ യാത്രയൊരുക്കാന്‍ ഈ സംവിധാനത്തിന് സാധിച്ചു. ടാഗോര്‍, നിശാഗന്ധി, കൈരളി, ശ്രീ തുടങ്ങിയ പ്രധാന വേദികളെ ബന്ധിപ്പിച്ച് നടത്തിയ ഷട്ടില്‍ സര്‍വീസുകള്‍ കൃത്യതയോടെയും സുതാര്യമായും നടപ്പിലാക്കാന്‍ സാധിച്ചത് കേരള സവാരിയുടെ കാര്യക്ഷമത തെളിയിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലാഭേച്ഛയില്ലാതെ, ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പൊതുഗതാഗത സംവിധാനങ്ങളെ എങ്ങനെ വിനിയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണിത്. ചലച്ചിത്ര മേളയില്‍ കേരള സവാരിയെ നെഞ്ചിലേറ്റിയ എല്ലാ ഡെലിഗേറ്റുകള്‍ക്കും, രാപ്പകലില്ലാതെ ഇതിനായി പ്രയത്നിച്ച തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.


