
ജെയിംസ് കൂടൽ
പൊതുസമൂഹത്തിന്റെ സ്പന്ദനം നേരിട്ട് തൊട്ടറിഞ്ഞ് ജനങ്ങൾക്കിടയിൽ ഒരാളായി ജീവിച്ച പൊതുയോഗ്യരുടെ കാലം കേരളം ഒരിക്കൽ അനുഭവിച്ചതാണ്. ആ രാഷ്ട്രീയ സംവേദനത്തിന്റെ ഇടവേളകളിലാണ് ഇന്ന് ഒരു “ റീൽ രാഷ്ട്രീയ” സംസ്കാരം വളർന്നുവന്നിരിക്കുന്നതായി കാണുന്നത്. സംഗീതവും ക്യാമറ കാഴ്ചകളും നിറഞ്ഞ ചെറിയ വീഡിയോകളിലാണ് രാഷ്ട്രീയത്തിന്റെ അർത്ഥം ഒതുക്കപ്പെടുന്നത് എന്ന തെറ്റിദ്ധാരണ പുതിയ ഒരു തലമുറയിൽ പതുക്കെ പടരുകയാണ്.
“റീൽ ഒന്നും റിയൽ അല്ല” എന്ന വാചകം ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ കൃത്യമായ നിർവചനമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ കാലത്ത്, പ്രത്യേകിച്ച് റീൽ സംസ്കാരം ശക്തമായ ഈ ഘട്ടത്തിൽ, നേത്യത്വം എന്നത് പലപ്പോഴും ജനഹൃദയങ്ങളിൽ നിന്ന് ഉയർന്നു വരുന്ന വിശ്വാസമല്ല; മറിച്ച് ക്യാമറയ്ക്കു മുന്നിൽ നിർമ്മിച്ചെടുക്കുന്ന ഒരു ഇമേജായി ചുരുങ്ങുന്ന സ്ഥിതിയാണ്.
നേതാക്കൾ ജനഹൃദയങ്ങളിൽ ജനിക്കേണ്ടവരാണ്. സേവനം, ത്യാഗം, വിശ്വാസ്യത, സ്ഥിരത — ഈ മൂല്യങ്ങളിലൂടെ മാത്രമാണ് യഥാർത്ഥ നേത്യത്വം വളരുന്നത്. ഒരു ദിവസത്തെ വൈറൽ വീഡിയോയോ കുറച്ചു നിമിഷങ്ങളുടെ റീലോ ഒരാളെ ജനനേതാവാക്കി മാറ്റുന്നില്ല. ലൈക്കുകളും റീച്ചുമാണ് നേതാക്കളുടെ അളവുകോൽ എന്ന തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ടതാണ്.
ഇന്നത്തെ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന പലരും ആദ്യം അന്വേഷിക്കുന്നത് ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെയല്ല; സാമൂഹ്യ മാധ്യമങ്ങളുടെ പ്രതികരണങ്ങളെയാണ്. വാക്കുകളുടെ ആഴത്തിനു പകരം പശ്ചാത്തല സംഗീതത്തിന്റെയും ക്യാമറ കോണുകളുടെയും ഭംഗിയിലാണ് ഊന്നൽ. ഇതുവഴി രാഷ്ട്രീയ പ്രവർത്തനം ക്രമേണ ഒരു കണ്ടന്റ് മത്സരമായി മാറുന്നു എന്നതാണ് ഏറ്റവും വലിയ ആശങ്ക.
റീലുകൾ ഒരു സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പുതിയൊരു മാർഗമാണെന്നത് നിസ്സംശയം അംഗീകരിക്കാം. എന്നാൽ റീലുകളേ തന്നെ നേത്യത്വത്തിന്റെ അളവുകോലാക്കി മാറ്റുമ്പോൾ അത് ജനാധിപത്യത്തിന്റെ ആത്മാവിനു നേരെയുള്ള വെല്ലുവിളിയാകുന്നു. മുതിർന്ന നേതാക്കൾ ഇന്ന് ഈ പ്രവണത ചോദ്യം ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെയാണ്.
കേരള രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങൾ ഈ വിഷയത്തിൽ വ്യക്തമാണ്. ഇവിടെ നേതാക്കളെ സൃഷ്ടിച്ചത് ക്യാമറകളല്ല; സമരങ്ങളും സംഘർഷങ്ങളും ജനസേവനവും ദീർഘകാല വിശ്വാസബന്ധവുമാണ്. ഇ. എം. എസ്., എ. കെ. ജി., കെ. കരുണാകരൻ, വി. എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾ ട്രെൻഡിങ് വീഡിയോകളിലൂടെ അല്ല, ജനജീവിതത്തോട് ചേർന്നുനിന്ന പ്രവർത്തനത്തിലൂടെയാണ് ഉയർന്നുവന്നത്.
“റീൽ ഇട്ടാൽ റിയൽ നേതാവാകില്ല” എന്ന വാചകം ഇന്നത്തെ കാലത്ത് കൂടുതൽ പ്രാധാന്യം നേടുന്നു. ക്യാമറ ഓണായിരിക്കുമ്പോൾ മാത്രം സജീവമാകുന്ന ഒരു രാഷ്ട്രീയം, ക്യാമറ ഓഫ് ആകുമ്പോൾ ജനങ്ങൾക്ക് അദൃശ്യമാകുന്ന നേത്യത്വം — ഇത് ദീർഘകാലം നിലനിൽക്കില്ല. കേരളത്തിലെ പൊതുസമൂഹം ഇമേജിനേക്കാൾ issue, integrity, ഇടപെടൽ, ഇടപാടുകളില്ലായ്മ എന്നിവയെയാണ് അവസാനമായി വിലയിരുത്തുന്നത്.
സമീപകാലത്ത് കേരള രാഷ്ട്രീയത്തിൽ ചർച്ചയായ ചില വ്യക്തികേന്ദ്രിത വിഷയങ്ങളും ഈ റീൽ രാഷ്ട്രീയത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. മാധ്യമങ്ങളുടെ അമിത പ്രചാരണവും celebrity politics-ഉം വ്യക്തികളെ “സ്റ്റാർ”മാരാക്കി മാറ്റുമ്പോൾ, പാർട്ടികളുടെ ആശയധാരയും സംഘടനാ ശക്തിയും പിന്നിലാകുന്ന സാഹചര്യം രൂപപ്പെടുന്നു. വർഷങ്ങളായുള്ള പ്രവർത്തകരുടെ പരിശ്രമം ഒരു celebrity image-ന്റെ തിളക്കത്തിൽ മറയുന്നതും അപകടകരമായ പ്രവണതയാണ്.
ഇത്തരം വ്യക്തികേന്ദ്രിത രാഷ്ട്രീയത അകത്ത് അസൂയക്കും അസമത്വത്തിനും ഗ്രൂപ്പ് പോരാട്ടങ്ങൾക്കും വഴിയൊരുക്കുന്നു. ഒടുവിൽ അത് പാർട്ടികളെ ജനങ്ങളിൽ നിന്ന് അകറ്റുകയും അകത്തുതന്നെ തകർച്ചയിലേക്കും നയിക്കാറുണ്ട്. ചരിത്രപരമായി star-based politics സ്ഥിരതയുള്ളതല്ല എന്ന സത്യം പലതവണ തെളിഞ്ഞിട്ടുമുണ്ട്.
അതിനാൽ രാഷ്ട്രീയ പാർട്ടികൾ വ്യക്തിപൂജയിലേക്കല്ല, ആശയത്തിലും സംഘടനാ ശക്തിയിലുമാണ് തിരിച്ചുനിക്ഷേപിക്കേണ്ടത്. ക്യാമറയ്ക്കല്ല, ജനങ്ങൾക്കായി പ്രവർത്തിക്കുന്ന നേതാക്കൾ; വൈറൽ വീഡിയോകളിലല്ല, സ്ഥിരം നിലപാടുകളിലാണ് വിശ്വാസം വയ്ക്കുന്ന രാഷ്ട്രീയം; popular ആകുന്നതിനല്ല, public-നോട് ഉത്തരവാദിത്തം പുലർത്താൻ തയ്യാറുള്ള നേതൃത്വം — ഇതാണ് ജനാധിപത്യ രാഷ്ട്രീയത്തിന്റെ യഥാർത്ഥ അടിത്തറ.
കേരള രാഷ്ട്രീയത്തിൽ image-based instant politics-ന്റെ ആയുസ് സ്വാഭാവികമായി ക്ഷണികമായിരിക്കും. കാരണം ഇവിടെ വിശ്വാസം ഇപ്പോഴും ക്യാമറയുടെ മുൻപിലല്ല, ജനങ്ങളുടെ മനസ്സിലാണ് രൂപപ്പെടുന്നത്.


