
മനാമ: റാസ് ഹയ്യാനിലെ ഹെറിറ്റേജ് വില്ലേജിൽ ഇൻഫർമേഷൻ മന്ത്രാലയം സംഘടിപ്പിച്ച അഞ്ചാമത് സെലിബ്രേറ്റ് ബഹ്റൈൻ ഫെസ്റ്റിവൽ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഉത്സവം നടക്കുന്നത്.
ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ ഷെയ്ഖ് മുഹമ്മദിനെ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ദേശീയ ദിനാഘോഷങ്ങളിലെ ശക്തമായ പൊതുജന പങ്കാളിത്തം രാജ്യത്തെ പൗരരുടെ ദേശീയതയുടെയും വിശ്വസ്തതയുടെയും ആഴമായ ബോധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചും സാംസ്കാരിക പൈതൃകത്തെക്കുറിച്ചും സമഗ്രമായ ഭാവി വികസനത്തെക്കുറിച്ചും യുവതലമുറയെ ബോധവൽക്കരിക്കുന്നതിൽ ഈ പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 4 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന ഈ വർഷത്തെ മേള നൂതനമായ സംവേദനാത്മക അനുഭവങ്ങൾ നൽകുന്നു. മൺപാത്രങ്ങൾ, പരമ്പരാഗത കപ്പൽ നിർമ്മാണ മോഡലുകൾ, പനയോല നെയ്ത്ത്, കൊത്തിയെടുത്ത പെട്ടി നിർമ്മാണം, തുണിത്തരങ്ങൾ എന്നിവയിൽ സന്ദർശകർക്ക് പ്രായോഗിക പരിചയം നേടാൻ സഹായിക്കുന്ന പൈതൃക ശിൽപശാലകളും പരിശീലന കോഴ്സുകളും ഇവിടെയുണ്ട്.
നിരവധി കടകളും സംരംഭകരായ കുടുംബങ്ങളും പങ്കെടുക്കുന്ന ഒരു പരമ്പരാഗത മാർക്കറ്റ്, വൈവിധ്യമാർന്ന വിനോദ- വിജ്ഞാന പരിപാടികളുമായി കുട്ടികൾക്കുള്ള ഒരു കോർണർ, പരമ്പരാഗത റെസ്റ്റോറന്റുകൾ എന്നിവയും മേളയിലുണ്ട്.


