
മനാമ: ബഹ്റൈൻ സർവകലാശാലയുമായി (യു.ഒ.ബി) സഹകരിച്ച് വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ) സർവകലാശാലാ കാമ്പസിൽ സൗരോർജ പദ്ധതി ആരംഭിക്കും. വൈദ്യുതി, ജല അതോറിറ്റി പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ്, വിദ്യാഭ്യാസ മന്ത്രിയും യു ഒ.ബി. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ, സർവകലാശാലാ പ്രസിഡന്റ് ഡോ. ഫൗദ് അൽ അൻസാരി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഇതിൻ്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈനിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ സംരംഭങ്ങളിലൊന്നായ ഈ പദ്ധതി, ഊർജ സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കുക, പ്രകൃതിവാതകത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, മലിനീകരണ തോത് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പാർക്കിംഗ് സ്ഥലങ്ങളിലും (24.7 മെഗാവാട്ട്) നിലത്തും (21.5 മെഗാവാട്ട്) 64,606 സോളാർ പാനലുകൾ ഈ സംവിധാനത്തിൽ സ്ഥാപിക്കും. മൊത്തം ശേഷി 46.2 മെഗാവാട്ടും വാർഷിക ഉൽപ്പാദനം 70 ജിഗാവാട്ട് മണിക്കൂറുമാണ്. പ്രതിവർഷം 35,000 ടൺ കാർബൺ ഉദ്വമനം കുറയ്ക്കാൻ ഇത് ലക്ഷ്യമിടുന്നു. ഏകദേശം 9 ദശലക്ഷം ദിനാർ ചെലവ് വരുന്ന ഈ പദ്ധതി ബഹ്റൈന്റെ സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ഭാവിയിലെ പുനരുപയോഗ ഊർജ സംരംഭങ്ങൾക്ക് ഒരു മാതൃകയായി വർത്തിക്കുമെന്ന് ഇ.ഡബ്ല്യു.എ. പ്രസിഡന്റ് പറഞ്ഞു.പദ്ധതി 2026 മദ്ധ്യത്തോടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


