
കാസര്‍കോട്: കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.
ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. ശരീരം തടിച്ചുചീര്‍ത്ത നിലയിലായിരുന്നുവെന്നും നീലച്ചിരുന്നുവെന്നും മര്‍ദിച്ചതായി സംശയമുണ്ടെന്നും ബന്ധുപറഞ്ഞു. തടിയൊന്നുമില്ലാത്ത മനുഷ്യനായിരുന്നു. പൊലീസുകാര്‍ തന്നെ മര്‍ദിച്ചതാണെന്നാണ് സംശയിക്കുന്നതെന്നും ബന്ധു പറഞ്ഞു. അതേസമയം, റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിൽ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്മോർട്ടമെന്നും എംഎൽഎ വ്യക്തമാക്കി.


