
പത്തനംതിട്ട: ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ചു. നവംബർ 24 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്കാണ്. ദർശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പടി കയറുന്നത്. വിർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കും. ഇന്നലെ ദർശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു. കുടിവെള്ള വിതരണത്തിൽ അടക്കം പരാതി ഉയർന്നിരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം എഴുപത്തി അയ്യായിരമായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു. സ്പോട്ട് ബുക്കിംഗ് അയ്യായിരമാക്കി കുറക്കണമെന്നും വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. കേസ് ഇന്ന് പരിഗണിച്ച കോടതി ഒരുക്കങ്ങൾ ആറ് മാസങ്ങൾക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നു എന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ബോർഡിനോട് ചോദിച്ചു.
സന്നിധാനത്ത് കൈവിട്ട് പോയ ഏകോപനം
മണ്ഡലം മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് ചോദിച്ച കോടതി സ്പോട്ട് ബുക്കിംഗും വെർച്വൽ ക്യു ബുക്കിംഗും കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയിരുന്നു. സ്പോട്ട് ബുക്കിംഗ് 5,000 പേർക്കായി ചുരുക്കി. ഇന്നലെ 20,000 പേർ വരെയാണ് സ്പോട്ട് ബുക്കിംഗ് വഴി മലകയറിയത്. വെർച്വൽ ബുക്കിംഗിലും ഇനി വിട്ടുവീഴ്ച പാടില്ല. ഷെഡ്യൂൾ സമയത്തിന് 6 മണിക്കൂർ മുൻപും 18മണിക്കൂറിന് ശേഷവും മാത്രമാകും അനുമതി.
ഈ സമയപരിധിക്കപ്പുറമുള്ള വെർച്വൽ ക്യു ബുക്കിംഗും ഇനി അംഗീകരിക്കില്ല. വെർച്വൽ ക്യു ടിക്കറ്റുള്ള എല്ലാ ഭക്തർക്കും അനുമതി നൽകുന്നതാണ് തിരക്ക് അനിയന്ത്രിതമായി കൂടാൻ കാരണം. ഒരു ദിവസം 75,000 പേർക്ക് മാത്രമാകും മല കയറാൻ അനുമതി. പതിനെട്ടാം പടിയിൽ അനുഭവപരിചയമുള്ള പൊലീസുകാരെ വിന്യസിക്കണം. കേന്ദ്രസേനയെ എത്തിക്കാൻ കളക്ടർ നടപടിയെടുക്കണം. ശുചിമുറി സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ചോദ്യങ്ങൾ ഉന്നയിച്ച ശേഷമാണ് കോടതി നിർദ്ദേശങ്ങൾ. ആറ് മാസങ്ങൾക്ക് മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു എന്ന് പറഞ്ഞ കോടതി എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്ന് ബോർഡിനോട് ചോദിച്ചു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം. ഇവിടെ പരമാവധി എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്നതിന് കണക്കുകളുണ്ടോ എന്ന് കോടതി ആരാഞ്ഞു. സെക്ടറുകളുടെ വിസ്തീർണ്ണം അനുസരിച്ച് വേണം ഭക്തരുടെ എണ്ണം നിശ്ചയിക്കാൻ.
അല്ലാതെ വരുന്നവരെ എല്ലാം തിക്കിലും തിരക്കിലേക്കും കയറ്റി വിടുന്നത് തെറ്റായ സമീപനമെന്നും കോടതി പറഞ്ഞു. കുട്ടികളും പ്രായമായവരും മണിക്കൂറുകളാണ് നീണ്ട ക്യൂവിൽ കാത്ത് നിൽക്കുന്നത്. ഉത്സവം നടത്തുന്നത് പോലെ അല്ല മണ്ഡലം മകരവിളക്ക് സീസണിന് വേണ്ടി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം. പൊലീസിനെ ഉപയോഗിച്ച് പരമാവധി തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി. എന്നാൽ തിരക്ക് നിയന്ത്രിക്കൽ പൊലീസിന്റെ മാത്രം പണിയല്ലെന്നും ശാസ്ത്രീയമായി ഇത് കൈകാര്യം ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സംഘത്തെ നിയോഗിച്ച് ഓരോ സെക്ടറിലും ഇവർക്ക് ചുമതല നൽകുന്നത് ആലോചിക്കണമെന്ന് കോടതി പറഞ്ഞു. ഒരുക്കങ്ങൾ സംബന്ധിച്ച് ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ എടുത്ത ഹർജിയാണ് ജസ്റ്റിസുമാരായ എ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.


