
തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനായി ആഴിമലയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാനില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം സ്ഥലത്തെത്തിയത്. ഇതിൽ കോതമംഗലത്തെ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളി അസം സ്വദേശി മിഥുൻ ദാസി(29)നെ കാണാനില്ലെന്ന് പറഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ജീവനക്കാർ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മിഥുൻ ഉൾപ്പെടെ 17 അംഗ തൊഴിലാളി സംഘം 16ന് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ആഴിമല എത്തിയിരുന്നു. തിരികെ പോകാൻ സമയം മിഥുനെ കാണാത്തതിനെ തുടർന്ന് പരിസരത്തു തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.
തിരികെ ജോലിസ്ഥലത്ത് എത്തുമെന്നു കരുതി തങ്ങൾ മടങ്ങിയെന്നാണ് സംഘം പൊലീസിന് നൽകിയ മൊഴി. കോതമംഗലത്ത് എത്തിയിട്ടും മിഥുൻ എത്താത്തതിനാലാണ് പരാതി നൽകിയതെന്ന് വിഴിഞ്ഞം പൊലീസ് പറയുന്നത്. യുവാവിനെ ക്ഷേത്ര പരിസരത്തു നിന്നു കാണാതായെന്നാണ് സംഘം പറയുന്നത്. അതേ സമയം ദിവസം ആഴിമല കടലിൽ ഒരാൾ വീഴുന്നതു കണ്ടുവെന്ന ദൃക്സാക്ഷികളിൽ നിന്നുള്ള വിവരത്തെ തുടർന്ന് മൂന്ന് ദിവസങ്ങളായി കോസ്റ്റൽ പൊലീസ് ഉൾപ്പെടെ തിരച്ചിൽ നടത്തി വരുകയാണ്. ഇത് മിഥുൻ ആണോയെന്നാണ് സംശയം.
ആഴിമല ശിവക്ഷേത്രത്തിന് പുറകുവശത്തുളള പാറക്കെട്ടിൽ താഴെയുളള പാറയിൽനിന്ന് സെൽഫിയെടുക്കുന്ന യുവാവിനെ കണ്ടിരുന്നതായി പ്രദേശവാസിയാണ് പൊലീസിനെ അറിയിച്ചത്. കുറച്ചു നേരം പാറയിൽ നിന്ന സെൽഫിയെടുക്കുന്നത് കണ്ടിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് മൊഴി. ഇത് കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും സ്ഥലത്ത് തെരച്ചിൽ നടത്തുന്നത്. വരും ദിവസങ്ങളിലും തെരച്ചിൽ തുടരുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.


