
യുകെയിലെ ബർമിംഗ്ഹാമിൽ 13 മാസം പ്രായമുള്ള ഒരു കുഞ്ഞ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് അത്യാസന്നനിലയില്‍ ആശുപത്രിയിലായി. ഹൈഗേറ്റിൽ നിന്നുള്ള സാം അൻവർ അൽഷാമേരി എന്ന കുഞ്ഞിനാണ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് ഗുരുതരമായ ആന്തരിക പൊള്ളൽ, ഹൃദയാഘാതം, വായിലും ശ്വാസനാളത്തിലും സ്ഥിരമായ തകരാറുകൾ എന്നിവ കണ്ടെത്തിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവിച്ചത്
അമ്മ കുളിമുറി വൃത്തിയാക്കുന്നതിനിടെ കുളിമുറിക്ക് സമീപത്തെത്തിയ കുഞ്ഞ്, തറയിൽ വച്ചിരുന്ന വെളുത്ത കുപ്പി പാലാണെന്ന് കരുതി എടുത്ത് കുടിച്ചതായി സാമിന്റെ അച്ഛന് നദീൻ അൽഷാമേരി മാധ്യമങ്ങളോട് പറഞ്ഞു. അത് ഡ്രെയിൻ ക്ലീനറായിരുന്നു. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അറിയുമ്പോഴേക്കും അത് അവനെ പൊള്ളിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഡ്രെയിൻ ക്ലീനർ കുടിച്ചതിന് പിന്നാലെ കുട്ടിയുടെ ചുണ്ടുകൾ, വായ, നാവ്, ശ്വാസനാളം എന്നിവ പൊള്ളി. ജീവന് ഭീഷണിയായ നിലയില്‍ കുട്ടിയുടെ ആന്തരികാവയവങ്ങളിലും പൊള്ളലേറ്റു. കുട്ടി സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


