
കൊച്ചി: സൗദിയിൽ കപ്പൽ അപകടത്തിൽ മരിച്ച ചെല്ലാനം സ്വദേശി എഡ്വിൻ ഗ്രേഷ്യസിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നടപടികൾ പൂർത്തിയായതായി വിഷയത്തിൽ ഇടപെട്ട പ്രവാസി വ്യവസായി അറിയിച്ചു. മൃതദേഹം സംബന്ധിച്ച അനിശ്ചിതത്വം കാരണം പ്രതിസന്ധിയിലായ കുടുംബത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വ്യവസായി ഉൾപ്പെടെ ഇടപെട്ടതും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതും. എറണാകുളം ചെല്ലാനം സ്വദേശികളായ വിൽസണും റോസ്മേരിയുമാണ് എഡ്വിൻ്റെ മാതാപിതാക്കൾ.
ഖഫ്ജി സഫാനിയ ഓഫ്ഷോറിൽ റിഗ്ഗില്‍ ജോലി ചെയ്യുന്നതിനിടെയാണ് മൂത്തമകൻ എഡ്വിൻ ഗ്രേസിയസ് അപകടത്തില്‍ പെട്ട് മരിച്ചത്. മരണ വാർത്തയെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും മൃതദേഹം വിട്ടുകിട്ടിയിരുന്നില്ല. സർക്കാരും സന്നദ്ധ സംഘടനകളും അടിയന്തരമായി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തുകയായിരുന്നു. നാലു മാസം മുമ്പാണ് എഡ്വിൻ്റെ വിവാഹം നടന്നത്. സൗദിയുടെ ആയിരം കിലോമീറ്റർ അപ്പുറത്ത് വെച്ചാണ് അപകടം നടന്നതെന്ന് അച്ഛൻ വിൽസൻ പള്ളിക്കത്തൈയിൽ പറഞ്ഞു. അപകട സമയത്ത് രണ്ടുപേരാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് മകന് മാറിനിൽക്കാൻ കഴിഞ്ഞില്ലെന്നും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും വിൽസൻ പറഞ്ഞിരുന്നു.


