
ആലപ്പുഴ: ബിഎൽഓമാരെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ശാസിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തായതോടെ വിശദീകരണവുമായി ആലപ്പുഴ ജില്ല കളക്ടർ. പ്രചരിക്കുന്ന ഓഡിയോ എസ്ഐആർ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് നൽകിയതാണെന്നാണ് കളക്ടറുടെ വിശദീകരണം. നവംബർ പത്തിനാണ് ഈ സന്ദേശം നൽകിയത്. അപ്പോൾ പുതിയ ബൂത്ത് ലെവൽ ഓഫീസർമാർ ചാർജെടുക്കുന്ന സമയമായിരുന്നു. എന്യൂമറേഷൻ ഫോം വിതരണം മന്ദഗതിയിലായിരുന്നു അന്ന്. കൂടാതെ, പുതുതായി ചാര്‍ജെടുത്തവര്‍ക്ക് ധാരണക്കുറവുമുണ്ടായിരുന്നു. അന്ന് 220ഓളം ബിഎല്‍ഒമാരെ മാറ്റേണ്ടിയും വന്നു. ഈ പശ്ചാത്തലത്തില്‍ അന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ആലപ്പുഴ ജില്ല കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ആലപ്പുഴയിലെ ബിഎൽഓമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ല ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ബിഎൽഓമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ഷൻ സെൻ്ററുകളും ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
ബിഎൽഓമാർ ചടങ്ങിനു വേണ്ടി മാത്രം പണിയെടുക്കുകയാണ് എന്ന തരത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ബിഎൽഓമാരെ പരസ്യമായി ശാസിക്കുന്ന ആലപ്പുഴ കളക്ടർ അലക്സ് വർഗീസിന്റെ ശബ്ദ സന്ദേശമാണ് പ്രചരിച്ചിരുന്നത്. ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നായിരുന്നു കളക്ടറുടെ ഭീഷണി. സമ്മർദത്തിലാക്കരുതെന്ന് വാട്സാപ്പ് ഗ്രൂപ്പിൽ ബിഎൽഓമാർ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഫീൽഡിൽ നേരിടുന്ന വെല്ലുവിളികൾ വിവരിച്ചാണ് ബിഎൽഒമാർ സന്ദേശമയക്കുന്നത്.


