ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കഴിഞ്ഞ ദിവസം ശബരിമലയിലുണ്ടായ തിരക്കിലും നിയന്ത്രണങ്ങള്‍ പാളിയതിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഓരോ സെക്ടറിലും എത്ര വലിപ്പം ഉണ്ടെന്നും കോടതി ചോദിച്ചു. സ്ഥലപരിമിതിയുള്ളതിനാൽ അതിന് അനുസരിച്ചേ ഭക്തരെ കയറ്റാൻ പാടുകയുള്ളുവെന്നും തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനം ഇല്ലലോയെന്നും കോടതി വിമര്‍ശിച്ചു.
തിരുവനന്തപുരം: ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരു മുന്നൊരുക്കവും നടത്തിയില്ലെന്നും ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമാണ്. ഒരു മുന്നൊരുക്കവും നടത്തിയില്ല. സർക്കാർ ഉറങ്ങുകയാണ്. ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല. തിരക്ക് നിയന്ത്രിക്കുന്നതിനായി വേണ്ടത്ര പൊലീസില്ല. ദേവസ്വം മന്ത്രിയെ കാണാനില്ല. ശബരിമലയിലെ സ്വർണം അടിച്ചുമാറ്റാൻ മാത്രമാണ് താൽപ്പര്യം. ശബരിമലയെ തകർക്കുക എന്നതാണ് ലക്ഷ്യമെന്നും അയ്യപ്പഭക്തന്മാരോട് കരുണ കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


