
സിഡ്നി: ഓസ്ട്രേലിയയില്‍ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി കാറിടിച്ച് മരിച്ചു. സിഡ്നിയിലാണ് അപകടമുണ്ടായത്. എട്ട് മാസം ഗര്‍ഭിണിയായ 33 കാരി സമൻവിത ധരേശ്വറാണ് അപകടത്തില്‍പ്പെട്ടത്. ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാൻ പോകുമ്പോഴാണ് കാര്‍ ഇടിച്ചത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോൺസ്ബിയിലെ ജോർജ് സ്ട്രീറ്റിലൂടെയുള്ള നടപ്പാത മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന ബിഎംഡബ്ല്യു കാർ മുന്നിലുള്ള കാറില്‍ ഇടിച്ചുകയറി. ഈ കാര്‍ സമന്വിതയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു. 19 വയസ്സുകാരാനാണ് ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഐടി സിസ്റ്റംസ് അനലിസ്റ്റായിരുന്നു സമന്വിത. അൽസ്കോ യൂണിഫോമുകളുടെ ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ബിഎംഡബ്ല്യു കാറിന്റെ ഡ്രൈവറെ പിന്നീട് വഹ്രൂംഗയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അപകടകരമോ അശ്രദ്ധമോ ആയ വാഹനമോടിക്കുന്നതിനുള്ള അടിസ്ഥാന ശിക്ഷയ്ക്ക് പുറമേ മൂന്ന് വർഷം വരെ അധിക തടവും അനുഭവിക്കേണ്ടിവരും.


