
തിരുവനന്തപുരം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിവോട്ടു ചെയ്യാനാകുമെന്ന സന്തോഷത്തിനൊപ്പം തെരഞ്ഞെടുപ്പു പ്രക്രിയയിൽ തങ്ങൾക്കും മികച്ച സംഭാവന നൽകാനായതിന്റെ ആത്മവിശ്വാസത്തിലാണ് ആഷിനും ജെസ്വിനും. ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജിയിലെ ബിടെക് കംപ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥികളാണ് തിരുവനന്തപുരം സ്വദേശി ആഷിൻ സി അനിലും, തൃശൂർ സ്വദേശി ജെസ്വിൻ സൺസിയും. കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി ലോഞ്ച് ചെയ്ത ഇവിഎം ട്രാക്ക് സോഫ്റ്റ് വെയർ വികസിപ്പിച്ചതിനു പിന്നിലിവരാണ്.
ജനാധിപത്യപ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്നതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ഇവിഎം. ബാലറ്റ് പേപ്പർ മാറി ബാലറ്റ് യൂണിറ്റും കൺട്രോൾ മെഷീനുമടങ്ങുന്ന ഇവിഎം തെരഞ്ഞെടുപ്പിൽ നിർണായക സ്ഥാനം വഹിക്കാനാരംഭിച്ചതോടെ വോട്ടിംഗ് സംവിധാനം കുറെയേറെ സുഗമമായി. ഇപ്പോൾ വോട്ടിംഗ് മെഷീനുകളുടെ സുഗമവും സുതാര്യവുമായ വിന്യാസം തത്സമയം നിരീക്ഷിക്കുന്നതിനും കൃത്യമായി ട്രാക്ക് ചെയ്യുന്നതിനുമായി ‘ഇവിഎം ട്രാക്ക്’ എന്ന പുതിയ സംവിധാനവും ആദ്യമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ലോഞ്ച് ചെയ്തു. ഇവിഎം ഇൻവെന്ററി ആൻറ് മാനേജ്മെന്റ് സോഫ്റ്റ് വെയർ സംവിധാനത്തിലൂടെയാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
ഇവിഎമ്മുകൾ നിലവിൽ എവിടെ? ഏതു നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനിൽ, അല്ലെങ്കിൽ സ്ട്രോങ് റൂമിലാണോ, വോട്ടെണ്ണൽ കേന്ദ്രത്തിലാണോ, ഉദ്യോഗസ്ഥരുടെ കൈവശമാണോ തുടങ്ങി എല്ലാവിധ വിവരങ്ങളും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ ഓഫീസിലും അതത് ജില്ലാ കളക്ടർമാർക്കും തത്സമയം ലഭ്യമാകും. കമ്മീഷന്റെ ഇവിഎം കൺസൾട്ടന്റായ എൽ. സൂര്യനാരായണന്റെ മേൽനോട്ടത്തിൽ ഈ വിദ്യാർത്ഥികൾ ആറ് മാസത്തോളം നീണ്ട ശ്രമകര ദൗത്യത്തിനുശേഷമാണ് ഓരോ പോയിന്റും വിശകലനം ചെയ്ത് അപാകതകളെല്ലാം പരിഹരിച്ച് ഫൈനൽ പ്രോഗ്രാം തയ്യാറാക്കി, ആദ്യഘട്ട പരിശോധനയും പൂർത്തിയാക്കി ‘ഇവിഎം ട്രാക്ക്’ ട്രാക്കിലെത്തിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു മുതൽക്കൂട്ടാകുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ച വിദ്യാർത്ഥികളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അഭിനന്ദിച്ചു.


