
കോഴിക്കോട്: വടകരയില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോമയില്‍ കഴിയുന്ന ദൃഷാനയ്ക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. വടകര എംഎസിടി കോടതിയാണ് കേസ് തീര്‍പ്പാക്കിയത്. തുക ഇന്‍ഷൂറന്‍ കമ്പനി നല്‍കണമെന്നും മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിര്‍ണ്ണായകമായത്
കുടുംബത്തിന് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതാണ് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റെ വിധി. അദാലത്തിലാണ് പ്രശ്നം തീര്‍പ്പാക്കിയത്. 2024 ഫെബ്രുവരി 17നാണ് അപകടം ഉണ്ടായത്. ആറ് മാസത്തിലേറെക്കാലം പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇടിച്ചിട്ട വാഹനം കണ്ടെത്താത്തതിനാല്‍ ഇന്‍ഷൂറന്‍സ് തുക കിട്ടാത്ത അവസ്ഥയായിരുന്നു. ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു.
അപകടത്തില്‍ തലശ്ശേരി മനേക്കര പുത്തലത്ത് ബേബി( 68) സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പേരക്കുട്ടി ദൃഷാന(9) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. ബസ് ഇറങ്ങി ദേശീയപാത കുറുകെ കടക്കുമ്പോള്‍ ഷെജീലും കുടുംബവും സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കാര്‍ മീത്തലങ്ങാടിയിലെ ബന്ധു വീട്ടിലേക്കു മാറ്റിയാണ് പൊലീസിന്റെ കണ്ണില്‍ നിന്നു രക്ഷപ്പെട്ടത്. അസാധാരണമായ അന്വേഷണത്തിനൊടുവില്‍ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തി. മാപ്പില്ലാത്ത ക്രൂരത ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


