
മലപ്പുറം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ജോലി സമ്മര്‍ദ്ദമെന്ന ബിഎൽഒമാരുടെ വ്യാപക പരാതിക്കിടെ ഈ മാസം 26നകം എന്യൂമറേഷൻ ഫോം ആപ്പിൽ അപ്ലോഡ് ചെയ്യണമെന്ന് മലപ്പുറം കളക്ടറുടെ ഉത്തരവ്. 26 ന് മുമ്പായി ഫോം സ്വീകരിച്ച് ഡിജിറ്റലൈസേഷന് പൂർത്തിയാക്കണം. ഫോം വിതരണം ചെയ്ത് പൂരിപ്പിച്ച് വാങ്ങി എന്‍ട്രി ചെയ്യുന്നതിന് ഡിസംബർ 4 വരെ സമയമുണ്ടായിരിക്കെയാണ് പുതുക്കിയ നിർദേശം. എന്നാൽ സമയക്രമത്തിന്റെ പേരിൽ ബിഎൽഒമാർക്ക് ഒരു ആശങ്കയും വേണ്ടന്നാണ് ജില്ലാ കലക്ടർ വിആർ വിനോദ് വിശദീകരിക്കുന്നത്. ബുദ്ധിമുട്ടുള്ള ബിഎൽഒമാരെ സഹായിക്കാൻ വളണ്ടിയർമാരെ നിയോഗിക്കും. എല്ലാ സഹായവും ജില്ലാ ഭരണകൂടം ചെയ്യും. ഇതു കൂടി ഉൾപ്പെടുത്തി ഇന്ന് പുതിയ ഉത്തരവിറക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. ബിഎൽഒമാരെ സഹായിക്കാനാണ് പുതിയ ഉത്തരവിറക്കിയതെന്നും തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് കളക്ടറുടെ വാദം. ബിഎൽഒമാരെ സഹായിക്കാനായി വില്ലേജ് തലത്തിൽ പ്രത്യേക ക്യാമ്പുകൾ തയ്യാറാക്കും.
അതിനിടെ ടാര്‍ജറ്റ് തികയ്ക്കാൻ കടുത്ത സമ്മര്‍ദ്ദമെന്ന പരാതിയുമായി കൂടുതൽ ബിഎൽഒമാര്‍ പരസ്യമായി രംഗത്തു വരികയാണ്. പരാതിയും പ്രതിഷേധവും ഉയരുമ്പോഴും സമയക്രമം മാറ്റില്ലെന്ന് നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. പകലും രാത്രിയും എന്യൂമറേഷൻ ഫോമുമായി ഫീൽഡിൽ ജോലി ചെയ്യുന്നു. ഒരു പരീശിലനവും നൽകാതെ ഫീൽഡിലേയ്ക്ക് ഇറക്കി വിട്ടു. ഫീൽഡിൽ നിന്ന് വീട്ടിലെത്തിയാൽ രാത്രിഓണ്ലൈൻ മീറ്റിങ്ങുമുണ്ടാകും.
കൊല്ലം കടവൂരിലെ ബിൽഒയായ പൗളിൻ ജോർജ് പറയുന്ന ഈ പരാതി ഒറ്റപ്പെട്ടതല്ല. സംസ്ഥാന വ്യാപകമായി എസ്ഐആറിൽ കടുത്ത ജോലി ഭാരമെന്ന പരാതി ബിഎൽഒമാര്‍ക്കുണ്ട്. ഇതിനിടെയാണ് ഡിസംബര്‍ 4 വരെ സമയമുണ്ടെന്നിരിക്കെ ബിഎൽഒമാര്‍ക്ക് പുതിയ ടാര്‍ജറ്റ് നൽകി മലപ്പുറം കളക്ടറുടെ ഉത്തരവ്. 26നകം വിതരണം ചെയ്ത ഫോം പൂരിപ്പിച്ച് തിരികെ വാങ്ങി ആപ്പിൽ അപ് ലോഡ് ചെയ്യണം. 20 നകം ഫോം വിതരണം ചെയ്യണം.


