
കോഴിക്കോട്: 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തെന്ന് ആവര്‍ത്തിച്ച് മലാപ്പറമ്പ് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഎം വിനു. ഭാര്യക്കൊപ്പം പോയാണ് താന്‍ വോട്ട് ചെയ്തത്. സിവില്‍ സ്റ്റേഷന് സമീപത്തെ ബൂത്തിലാണ് താന്‍ വോട്ട് ചെയ്തതെന്നും ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും വിഎം വിനു ചേദിച്ചു. സ്ഥാനാര്‍ഥിയായതോടെ തന്റെ പേര് ബോധപൂര്‍വം വെട്ടിയതാണെന്നും വിനു പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ എല്‍ഡിഎഫ് കൃത്രിമം നടത്തിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
2020ലും പേര് ഇല്ല
2020ലെ തദ്ദേശതെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ മലാപ്പറമ്പ് ഡിവിഷണില്‍ വിഎം വിനുവിന്റെ പേര് ഉണ്ടായിരുന്നെന്ന കോണ്‍ഗ്രസിന്റെ വാദം പൊളിയുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്ഥാനാര്‍ഥിയായി വിഎം വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. മലാപറമ്പ് ഡിവിഷനില്‍ 2020ലെ വോട്ടര്‍ പട്ടികയിലും വിഎം വിനു ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് വിവരം. 2020ലെ വോട്ടര്‍ പട്ടിക ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ ഇല്ല. വോട്ടര്‍ പട്ടിക ഇപ്പോള്‍ കോര്‍പ്പറേഷന്റെ കൈവശമാണെന്നും പട്ടികയില്‍ എല്‍ഡിഎഫ് കൃത്രിമത്വം നടത്തി വിനുവിന്റെ പേര് ഇല്ലാതാക്കിയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
‘2020ല്‍ ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. ഭാര്യക്കൊപ്പം പോയിട്ടാണ് വോട്ട് ചെയ്ത്. സിവില്‍ സ്റ്റേഷനടുത്തുള്ള ബുത്തിലാണ് വോട്ട് ചെയ്തത്. എന്റെ പേര്ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിന്റെ കാരണം എന്താണെന്ന് അറിയില്ല. എന്റെ വീടും ഞാനുമെല്ലാം ഭൂമിക്കടിയില്‍ താണുപോയോ? പതിനെട്ട് കൊല്ലത്തിലേറെയായി ഇവിടെ താമസിക്കുന്ന താനും കുടുംബവും ഒഴികെ അയല്‍വീട്ടുകാരെല്ലാം പട്ടികയില്‍ ഉണ്ട്. തന്റെയും കുടുംബത്തിന്റെയും പേര് മാത്രം എങ്ങനെ പട്ടികയില്‍ ഇല്ലാതെ പോയി. രാഷ്ട്രീയത്തിലേക്ക് വന്നിട്ടില്ലെങ്കിലും എനിക്ക് വോട്ട് വേണ്ടേ. വോട്ട് എന്നത് എന്റെ അവകാശമല്ലേ?. പട്ടിക കോര്‍പ്പറേഷന്റെ കൈവശമാണ് ഉള്ളത്. അതില്‍ നിന്ന് അവര്‍ എന്റെ പേര് നീക്കം ചെയ്തതായാണ് മനസിലാക്കുന്നത്. കഴിഞ്ഞ തവണ വോട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പറയുന്നത് അടിസ്ഥാനമില്ലാത്തതാണ്. ഇനി എന്തെല്ലാം കഥകള്‍ അവര്‍ പറയും. അവര്‍ വരുമ്പോള്‍ വിഎം വിനു ബോധം കെട്ട് കിടക്കുയാണെന്ന് വരെ പറയും’ വിനു മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ, വിഎം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത സംഭവത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് ഡിസിസി ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരിലാത്ത സ്ഥാനാര്‍ഥികളായ വി എം വിനു, ബിന്ദു തമ്മനക്കണ്ടി എന്നിവരും കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തും പങ്കെടുത്തു.


