
തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് 2025-ലെ അണ്ടര്‍-12 ഗേള്‍സ് വിഭാഗത്തില്‍ ദിവി ബിജേഷ് ജേതാവായി. നവംബര്‍ 9 മുതല്‍ 16 വരെ മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഒമ്പത് റൗണ്ടുകളിലായി 8.5/9 സ്കോറുമായാണ് ദിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രായപരിധി പ്രകാരം അണ്ടര്‍-10 താരമായിട്ടും ദിവിക്കു മികച്ച പ്രകടനം കാഴ്ചവെക്കാനായി. 13 വിഭാഗങ്ങളിലായി വേദിയൊരുക്കുന്ന കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ മുന്‍നിര താരങ്ങളും ഗ്രാന്‍ഡ് മാസ്റ്റര്‍മാരും പങ്കെടുക്കുന്ന പ്രധാന അന്താരാഷ്ട്ര മത്സരമാണ്. ദിവിയുടെ നേട്ടം ഇന്ത്യന്‍ യുവ ചെസ് രംഗത്തിന് അഭിമാനമാണ്.
2025-ല്‍ ദിവി വേള്‍ഡ് കപ്പ് ഡ10 ഗേള്‍സ് ചാമ്പ്യന്‍, വേള്‍ഡ് കഡറ്റ് റാപ്പിഡ് ചാമ്പ്യന്‍, വേള്‍ഡ് കഡറ്റ് ബ്ലിറ്റ്സ് വൈസ് ചാമ്പ്യന്‍, വേള്‍ഡ് സ്കൂള്‍സ് ചെസ് വൈസ് ചാമ്പ്യന്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 75-ത്തിലധികം മെഡലുകള്‍ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമന്‍ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ (WCM) കൂടിയാണ്. ഇന്ത്യയുടെ ആദ്യ ഡ10 ഗേള്‍സ് വേള്‍ഡ് കപ്പ് ചാമ്പ്യന്‍ എന്ന ബഹുമതിയും ദിവിക്കു സ്വന്തമാണ്
”മുതിര്‍ന്ന വിഭാഗത്തിലെ താരങ്ങളെ നേരിട്ടിട്ടും ആത്മവിശ്വാസത്തോടെ കളിച്ചാണ് ദിവി ഈ നേട്ടം കരസ്ഥമാക്കിയതെന്നും, ദിവിയുടെ ഓരോ നേട്ടങ്ങളും ഞങ്ങള്‍ക്ക് അഭിമാനമാണെന്നും ദിവിയുടെ അച്ഛന് ബിജേഷ് പറഞ്ഞു. ”ജയിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, ഓരോ മത്സരത്തിലും മികച്ചത് ചെയ്യാന്‍ ശ്രമിച്ചുവെന്നും ദിവി പറഞ്ഞു. പിന്തുണയ്ക്കുന്ന മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കും നന്ദിയും അറിയിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലന് ഫെല്‍ഡ്മാന്‍ പബ്ലിക് സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി. അച്ഛന്: ബിജേഷ്, അമ്മ: പ്രഭ, സഹോദരന്: ദേവനാഥ്.


