തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91960 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.
ഇന്ന് രാവിലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് വില വീണ്ടും പരിഷ്കരിച്ചതാണ്. വെള്ളിയാഴ്ച രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച, 1,440 രൂപ കൂടി കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി. ആഗോള വിപണികളിലെ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.


