
തൃശ്ശൂർ: തൃശ്ശൂർ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ ചേര്‍ന്നു. തൃശ്ശൂർ ബിജെപി ഓഫീസിലെത്തിയാണ് സുജീഷ കള്ളിയത്ത് അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സുജീഷ കള്ളിയത്തിനെ സ്വീകരിച്ചു. പാർട്ടി നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്ന് രാജി വെച്ചതെന്ന് സുജീഷ കള്ളിയത്ത് പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വർഷം കോൺഗ്രസ് നേതാക്കൾ തന്നെ ഭരിക്കാൻ അനുവദിച്ചില്ലെന്ന് സുജീഷ ആരോപിക്കുന്നു.
തൃശൂർ ബിജെപിയിലും രാജി
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തില്‍ പ്രതിഷേധിച്ച് തൃശൂർ ബിജെപിയിലും രാജി. ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്ത് കുമാറാണ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കോർപറേഷൻ വടൂക്കര 41 ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കും. ബിജെപിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച തന്നെ പാർട്ടി ചതിച്ചെന്നും സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നതായും സുജിത്ത് പറയുന്നു. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയ സദാനന്ദൻ വാഴപ്പുള്ളിയാണ് 41 ആം ഡിവിഷനിൽ എൻഡിഎ സ്ഥാനാർത്ഥി. പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിലാണ് വാർഡിൽ സദാനന്ദനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് സുജിത്തിന്റെ ആരോപണം. ബിജെപി നിലപാടിൽ പ്രതിഷേധിച്ച് 20 ഓളം പ്രാദേശിക ഭാരവാഹികൾ രാജി വെച്ചിരുന്നു.


