
സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്ര പരിഷകരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കാണിക്കുന്ന അനാവശ്യ തിടുക്കമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കിയതിന് കാരണം ജോലി സമ്മര്‍ദമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് തോമസ് ഐസകിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ എസ്ഐആര്‍ ജോലി കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നു എന്നും മുന്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നവേളയില്‍തന്നെ വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്കരണം നടത്തേണ്ടതുണ്ടോ എന്നാണ് തോമസ് ഐസക് ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അന്ന് വോട്ടര്‍ പട്ടിക പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ശാഠ്യം ആനാവശ്യമാണ്. രണ്ടാഴ്ചകൂടി സമയം കൂടുതല്‍ നല്കിയിരുന്നെങ്കില് തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ ഒഴിയുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെകൂടി സഹായത്തോടെ സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
ഒരുമാസത്തിനുള്ളില്‍ ഒരു ബിഎല്‍ഒയ്ക്ക് 600 മുതല്‍ 1500 വരെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഫോമില്‍ പൂരിപ്പിച്ച് അപ്പ്ലോഡ് ചെയ്യാന്‍ കഴിയില്ലായെന്നു വ്യക്തമാണ്. കാരണം ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും തനിച്ച് ഫോം പൂരിപ്പിക്കാന്‍ അറിയില്ല. പ്രത്യേകിച്ച് 2002-ലെ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ അപൂര്‍വ്വം പേര്‍ക്കേ പൂരിപ്പിക്കാനാകൂ. അതുമുഴുവന്‍ ഓണ്‍ലൈനായി വിവരം ശേഖരിച്ച് ബിഎല്‍ഒ തന്നെ പൂരിപ്പിക്കണം. മൂന്ന് വട്ടമെങ്കിലും ഓരോ വീടും സന്ദര്‍ശിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത് ഫോമുകളെല്ലാം ഏതാണ്ട് വിതരണം ചെയ്തുകഴിഞ്ഞൂവെന്നാണ്. ഇത് വലിയൊരു തമാശയാണ്. ഫോം വിതരണം ചെയ്യുന്നതിലല്ല, പൂരിപ്പിക്കുന്നതാണ് കടമ്പ.
കേരളത്തിലെ രാഷ്ട്രീയ പാര്‍ടികളില്‍ ബിജെപി മാത്രമാണ് ഇപ്പോള്‍ തന്നെ വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണം വേണമെന്ന് വാദിക്കുന്നത്. ബിജെപിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കള്ളക്കളികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കണമെങ്കില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കുകളെല്ലാം ഉണ്ടെങ്കിലും എസ്ഐആര്‍ പൂരിപ്പിക്കുന്നതിന് പ്രത്യേക സ്ക്വാഡുകള്‍ ഉണ്ടാക്കി ജനങ്ങളെ സഹായിച്ചേ തീരൂ എന്നും തോമസ് ഐസക് പറയുന്നു.


