
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻ്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.
ബിഎൽഒയുടെ ആത്മഹത്യയിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സിപിഎം ഭീഷണിയും ജോലി സമ്മർദ്ദവുമാണ് മരണ കാരണം. അനീഷിൻ്റെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം ഗൗരവമായി പഠിക്കണം. ബിജെപിയുടെ ദുരുദ്ദേശം മറ്റൊരു തലത്തിൽ ദുരുദ്ദേശത്തോടെ തന്നെ സിപിഎം നടപ്പാക്കുന്നു. ബിജെപിയിൽ രണ്ട് പേർ ആത്മഹത്യ ചെയ്തു. സാമ്പത്തികമായ ഗുരുതര ആരോപണം നേതാക്കൾക്കെതിരെ ഉയർന്നു. എംഎസ് കുമാർ അടക്കം ഗൗരവമായ ആരോപണം ഉന്നയിക്കുന്നു. ബിജെപി ആടി ഉലയുകയാണ്. ആ ബിജെപിയുമായി ബന്ധം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബിഎൽഒ അനീഷിൻ്റെ മരണം അത്യന്തം വേദനാജനകമെന്നാണ് കെപിസിസി പ്രസിഡൻ്റ് പ്രതികരിച്ചത്. സിപിഎം പ്രവർത്തകർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കോൺഗ്രസ് കൂടെ കൂട്ടിയതിൻ്റെ പേരിലായിരുന്നു ഇത്. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണം. കുറ്റക്കാരെ ഒരു കാരണവശാലും സംരക്ഷിക്കരുത്. ബിഎൽഒമാരുടെ ഇന്നത്തെ സമരത്തെ കോൺഗ്രസ് പിന്തുണക്കുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് നിലവിലെ നടപടികൾ പ്രായോഗികമല്ല. ഒട്ടും യോജിച്ച സമയത്തല്ല ഇത്തരം നടപടി നടക്കുന്നത്. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.


