
മലപ്പുറം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള പാർലമെൻ്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് നേതാക്കളെ കൂടി ഉൾപ്പെടുത്താൻ തീരുമാനം. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ ജില്ലാ പാർലിമെന്ററി കമ്മിറ്റികളിൽ ഉൾപ്പെടുത്തി സർക്കുലർ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള മണ്ഡലം പാർലിമെൻ്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെയും ഉൾപ്പെടുത്തും. സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതും മൂന്ന് തവണ വ്യവസ്ഥ ഇളവിൽ അനുമതി നൽകുന്നതുമായ തീരുമാനം എടുക്കുന്നതിനുള്ള പാർലിമെൻ്ററി കമ്മിറ്റികളിൽ നിന്ന് യൂത്ത് ലീഗ് ഭാരവാഹികളെ തഴഞ്ഞത് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ യൂത്ത് ലീഗ് ഭാരവാഹികൾ പാണക്കാട് സാദിഖലി തങ്ങളെ കണ്ട് തങ്ങളുടെ പ്രാതിനിധ്യം കമ്മിറ്റികളിൽ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ലീഗ് നേതൃത്വം സർക്കുലറിറക്കിയത്.


