
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി കേസിൽ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ എൻ. വാസു റിമാൻഡിൽ. കേസിലെ മൂന്നാം പ്രതിയായ വാസുവിനെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി നവംബർ 24 വരെയാണ് റിമാൻഡ് ചെയ്തത്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ദേവസ്വം ബോർഡിലെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന വാസുവിനെതിരെ കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികൾ നിർണ്ണായകമായി. അറസ്റ്റിലായ മുരാരി ബാബുവും സുധിഷും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാസുവിൻ്റെ അറിവോടെയാണ് നടന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്.
സ്വർണക്കട്ടിള പാളികൾ ‘ചെമ്പു പാളികൾ’ എന്ന് രേഖകളിൽ തിരുത്തൽ വരുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചോദ്യം ചെയ്യലിൽ വാസുവിന് വ്യക്തമായ മറുപടി നൽകാനായില്ല. ‘ഓർത്തെടുക്കാൻ കഴിയുന്നില്ല’ എന്നും’ആരോഗ്യപ്രശ്നങ്ങളുണ്ട്’ എന്നും പറഞ്ഞാണ് വാസു ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുമാറിയത്. 2019 മാർച്ച് 18-നാണ് വാസു കട്ടിളപ്പാളികൾ ചെമ്പുപാളികൾ എന്ന് തിരുത്തിയെഴുതിയത്. തുടർന്ന് ഉദ്യോഗസ്ഥരുമായി ചേർന്ന് ഇത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തയക്കുകയായിരുന്നു. ഈ കട്ടിളപ്പാളികളിൽ നിന്ന് 409 ഗ്രാം സ്വർണ്ണമാണ് വേർതിരിച്ചെടുത്തത്. റാന്നി കോടതി അവധിയായതിനാലാണ് വാസുവിനെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.


