
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും.
ശബരിമല ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കട്ടിള കടത്തി സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇപ്പോഴാണ് രേഖപ്പെടുത്തിയത്. ഇന്നലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ശബരിമലയിൽ നിന്നും നഷ്ടമായ സ്വർണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്ഐടി നിഗമനം.


