
മനാമ : ബഹ്റൈൻ മുനിസിപ്പൽകാര്യ, കൃഷി, കന്നുകാലി കാര്യ മന്ത്രാലയം, തലസ്ഥാന സെക്രട്ടേറിയറ്റ്, ബഹ്റൈൻ ക്ലീൻ-അപ്പ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചു നടത്തിവരുന്ന പരിസ്ഥിതി സംരംഭ പരിപാടിയുടെ രണ്ടാം ആഴ്ചയിൽ സിത്ര പാർക്കിലും, വാക് വേയിലും നടത്തിയ ഹരിതവൽക്കരണ പരിപാടിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ-
കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ പങ്കാളികളായി. സസ്യജാലങ്ങളുടെ ആവരണം വർദ്ധിപ്പിക്കുന്നതിനും, ഹരിത പ്രദേശം വികസിപ്പിക്കുന്നതിനും, ദേശീയ വൃക്ഷ പദ്ധതിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഒക്ടോബർ 25 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് സിത്ര പാർക്കിൽ 150 തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത് . 2035 ആകുമ്പോഴേക്കും നിലവിലുള്ള മരങ്ങളുടെ എണ്ണം 1.8 ദശലക്ഷം മരങ്ങളിൽ നിന്ന് ഏകദേശം 3.6 ദശലക്ഷം മരങ്ങളായി ഇരട്ടിയാക്കുക എന്നതാണ് ബഹ്റൈൻ സർക്കാർ ഹരിതവൽക്കരണ പദ്ധതിയോടെ ലക്ഷ്യമിടുന്നത്.



