
മനാമ: മനാമയില്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ ഒക്ടോബര്‍ 16ന് മുമ്പ് തിരിച്ചെടുക്കണമെന്ന് ഉടമകളോട് കാപ്പിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ആവശ്യപ്പെട്ടു.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഇപ്പോള്‍ ടുബ്ലിയിലെ ഒരു യാര്ഡിലാണുള്ളത്. അവിടെനിന്നാണ് തിരിച്ചെടുക്കേണ്ടത്. വാഹന ഉടമകള്‍ക്കാ നിയമാനുസൃതം അവര്‍ ചുമതലപ്പെടുത്തുന്ന പ്രതിനിധികള്‍ക്കോ വാഹനം തിരിച്ചെടുക്കാം. നഗരത്തില്‍ പൊതുക്രമവും ശുചിത്വവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി അറിയിച്ചു.
വാഹനം തിരിച്ചുകിട്ടണമെങ്കില്‍ പിഴ അടയ്ക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 17983288 എന്ന നമ്പറിലോ വാട്സ്ആപ്പ് വഴി 33266988 എന്ന നമ്പറിലോ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.
