
ഇസ്താംബുള്‍: പ്രതിനിധി കൗണ്‍സിലിലെ സാമ്പത്തിക കാര്യ സമിതി ചെയര്മാന് അഹമ്മദ് അല്‍ സലൂമിന്റെയും ശൂറ കൗണ്‍സില്‍ അംഗം ഡോ. അബ്ദുല്‍ അസീസ് അബുലിന്റെയും നേതൃത്വത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ഒക്ടോബര്‍ 7, 8 തീയതികളില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ആഗോള ഭീകരവാദ വിരുദ്ധ പാര്‍ലമെന്ററി സമ്മേളനത്തില്‍ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങളും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
ഭീകരതയുടെ ഏകീകൃത അന്താരാഷ്ട്ര നിര്‍വചനത്തിന്റെ അഭാവത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍, ദേശീയ നിയമനിര്‍മ്മാണത്തെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുമായും മനുഷ്യാവകാശ മാനദണ്ഡങ്ങളുമായും യോജിപ്പിക്കുന്നതിനുള്ള വഴികള്‍, ആഗോള സമാധാനവും സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിന് അന്താരാഷ്ട്ര പാര്‍ലമെന്ററി സഹകരണം പ്രോത്സാഹിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ആറ് സെഷനുകള്‍ സമ്മേളനത്തിലുണ്ടായിരുന്നു.
വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക, ആഗോള വെല്ലുവിളികള്‍ക്ക് മറുപടിയായി ദേശീയ നിയമ ചട്ടക്കൂട് പുതുക്കാനുള്ള ബഹ്റൈന്റെ നിയമനിര്‍മ്മാണ ശ്രമങ്ങളെയും അതിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളെയും അല്‍ സലൂം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
