
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 37 പന്തില്‍ 75 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 29 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ശിവം ദുബെയും നിരാശപ്പെടുത്തി. സഞ്ജു സാംസണ് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 72 റണ്‍സടിച്ചപ്പോള്‍ 19 പന്തല്‍ 46 റണ്‍സായിരുന്നു അഭിഷേകിന്റെ സംഭാവന. പവര്‍ പ്ലേക്ക് പിന്നാലെ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 6.2 ഓവറില്‍ 77 റണ്‍സെടുത്തശേഷമാണ് അഭിഷേക്-ഗില്‍ സഖ്യം വേര് പിരിഞ്ഞത്. 19 പന്തില്‍ 29 റണ്‍സെടുത്ത ഗില്ലിനെ റിഷാദ് ഹൊസൈന്‍ ആണ് മടക്കിയത്.
