
കൊച്ചി: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ്. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ പരിശോധിച്ചുവരുകയാണ്. വാഹന ഡീലര്‍മാരിൽ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 11 വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായാണ് 11 വാഹനങ്ങള്‍ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടക്കുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണൽ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രൽ സിൽക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരാണ് വാഹനം വാങ്ങിയത്. രണ്ടു വാഹനങ്ങളും ബെംഗളൂരുവിലാണ് നിലവിലുള്ളത്.
കസ്റ്റംസ് നികുതിയടക്കം വെട്ടികൊണ്ട് വാഹനങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്തുവെന്ന ആരോപണത്തിലാണ് അന്വേഷണം. ഭൂട്ടാനിൽ നിന്നുള്ള വാഹന ഇറക്കുമതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കാൻ ഇന്ന് വൈകിട്ട് 6.30ന് കൊച്ചിയിൽ കസ്റ്റംസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറാകും വാര്‍ത്താസമ്മേളനം നടത്തുക.ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകള്‍ നികുതിവെച്ചിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
മമ്മൂട്ടിയുടെ പഴയ വീട്ടിലെ കാറുകള്‍ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലും പരിശോധന നടത്തുന്നുണ്ട്. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിലുണ്ട്. വാഹനങ്ങളുടെ രേഖകളടക്കമാണ് പരിശോധിക്കുന്നത്. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്.കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. കോഴിക്കോട് തൊണ്ടയാട് റോഡ് വേ യൂസ്ഡ് കാര്‍ ഷോ റൂമിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷനരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു.
ഓപ്പറേഷൻ നുംഖാർ എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. സിനിമ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് അടക്കമുള്ള സിനിമ താരങ്ങൾക്ക് പുറമെ, വ്യവസായ പ്രമുഖരുടെ വീടുകളിലും കാർ ഡീലർമാരുടെ ഷോറൂമുകളിലും പരിശോധന നടക്കുകയാണ്. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചത് അടക്കമുള്ള എസ്യുവികളാണ് ഇറക്കുമതി നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത്. ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, യുപി തുടങ്ങിയ ഇടങ്ങളിൽ എത്തിച്ച് വ്യാജ രജിസ്ട്രേഷൻ ഉണ്ടാക്കും. പിന്നീട് രാജ്യത്തെ പല ഭാഗങ്ങളിലേക്കും എത്തിച്ച് റി രജിസ്റ്റർ ചെയ്യും. ഈ വാഹനങ്ങളാണ് സിനിമ താരങ്ങളും വ്യവസായികളും വാങ്ങിക്കൂട്ടിയത്. റവന്യൂ ഇന്റലിജൻസും കസ്റ്റംസും ഏറെ കാലമായി നടത്തിയ രഹസ്യ വിവരശേഖരണത്തിന് ഒടുവിലാണ് ഇന്നത്തെ റെയ്ഡ്. മറ്റ് രാജ്യങ്ങളിൽ നിന്ന് വാഹങ്ങൾ ഇറക്കുമതി ചെയ്യാൻ 200% തീരുവ അടയ്ക്കണം. സെക്കന്‍ഡ് ഹാൻഡ് വാഹനങ്ങൾ രാജ്യത്ത് ഇറക്കുമതി ചെയ്യാനുള്ള അനുമതിയുമില്ല. ഇതെല്ലാം മറികടന്നുള്ള വൻ റാക്കറ്റ് തട്ടിപ്പിന് പിന്നിൽ ഉണ്ടെന്നാണ് വിവരം.
