
മനാമ: പശ്ചിമേഷ്യയിലെ പരിസ്ഥിതി ഡാറ്റാ ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുമായി (യു.എന്‍.ഇ.പി) സഹകരിച്ച് ബഹ്റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) ശില്പശാല നടത്തി.
എസ്.സി.ഇ. ചീഫ് എക്സിക്യൂട്ടീവ് അംന ഹമദ് അല്‍ റുമൈഹി, ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഇസ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.
മികച്ച അന്താരാഷ്ട്ര രീതികള്‍ക്കനുസൃതമായി ഡാറ്റാ മാനേജ്മെന്റ് സംവിധാനങ്ങള്‍ വികസിപ്പിച്ചുകൊണ്ട് പരിസ്ഥിതി ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് രാജ്യം പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും അതുവഴി പ്രസക്തമായ ദേശീയ, പ്രാദേശിക നയങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും അല്‍ റുമൈഹി പറഞ്ഞു.
ഡാറ്റാ ശേഖരണം, സംഘാടനം, വിശകലനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രായോഗിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ പരിസ്ഥിതി ഡാറ്റയില്‍ വൈദഗ്ദ്ധ്യം കൈമാറാനും പ്രാദേശിക സഹകരണം വര്‍ധിപ്പിക്കാനും ശില്പശാല ഒരു പ്രധാന വേദി നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.
