
ദില്ലി: ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്. എല്ലാവർക്കും അറിയാവുന്ന ജി എസ് ടി നിരക്ക് മാറ്റത്തെ കുറിച്ച് പറയാനാണോ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നാണ് ഒരു ചോദ്യം. അമേരിക്ക എച്ച് വൺ ബി വീസ ഫീസ് ഉയർത്തിയതിന് ശേഷമുള്ള പ്രതിസനിധിയിലെ ആശങ്കയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമോയെന്നും കോൺഗ്രസ് വക്താവ് ചോദിച്ചു. ട്രംപിന്റെ താരിഫ് വർധന മൂലം വെട്ടിലായ കർഷകർക്ക് ആശ്വാസം നൽകുന്ന ഉറപ്പുകൾ നൽകുമോ? ഓപ്പറേഷൻ സിന്ധൂറിലെ ട്രംപിന്റെ അവകാശവാദങ്ങൾ തള്ളുമോയെന്നും ജയറാം രമേശ് ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്യുത. വിഷയം എന്തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. നാളെ മുതല്‍ ജി എസ് ടി നിരക്ക് മാറ്റം നിലവില്‍ വരാനിരിക്കേയാണ് മോദിയുടെ അഭിസംബോധന എന്നത് ശ്രദ്ധേയമാണ്. എച്ച് വണ്‍ ബി വിസ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതേ കുറിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോയെന്നും ആകാംക്ഷയുണ്ട്. ഓപ്പറേഷന് സിന്ധൂറില്‍ ഇന്ത്യയുടെ തിരിച്ചടി വിശദീകരിക്കാനാണ് മോദി ഒടുവില്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് പ്രസക്തി കൂടുതലാണ്.
അതിനിടെ എച്ച് 1ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്നും വർഷം തോറും ഈടാക്കില്ലെന്നും അവർ ട്വീറ്റ് ചെയ്തു. അതോടൊപ്പം നിലവിലെ എച്ച് 1ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ലെന്നും വ്യക്തമാക്കിയ അവർ, നിലവിലെ വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കുന്നതിനും അമേരിക്കയിൽ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എച്ച് 1ബി വിസകൾ പുതുതായി നൽകുന്നത് നിയന്ത്രിക്കുന്നതാണ് തീരുമാനമെന്ന് ഇതിലൂടെ വ്യക്തമായി.
അതേസമയം എച്ച് 1 ബി വിസ ഫീസ് വർധിപ്പിച്ച തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് ട്രംപ് ഭരണകൂടം രംഗത്ത്. 2025 ൽ ഒരു പ്രമുഖ കമ്പനിക്ക് അനുവദിച്ച എച്ച് 1 ബി വിസ യുടെ കണക്കടക്കം പുറത്തുവിട്ടുകൊണ്ടാണ് വൈറ്റ് ഹൗസിന്റെ ന്യായീകരണം. ഈ കമ്പനിക്ക് 5189 എച്ച് 1ബി വിസകൾ അനുവദിച്ചെന്നും ഇതിന് പിന്നാലെ കമ്പനി 16000 യു എസ് പൗരന്മാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. മറ്റൊരു കമ്പനിക്ക് 1698 വിസകൾ നൽകിയപ്പോൾ 2400 യു എസ് പൗരന്മാരെ പിരിച്ചുവിട്ടതായും വൈറ്റ് ഹൗസ് വിശദീകരിച്ചു. 2022 മുതൽ 25075 വിസകൾ ലഭിച്ച ഒരു കമ്പനി ഇതുവരെ 27000 ജീവനക്കാരെ പിരിച്ചുവിട്ടതായും ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. ഐ ടി മേഖലയിൽ എച്ച് 1ബി വിസ ഉപയോഗിച്ച് എത്തുന്നവരുടെ എണ്ണം 2003 നെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ട്. 2003 ൽ ഐ ടി ജീവനക്കാരിൽ 32 ശതമാനം മാത്രമാണ് എച്ച് 1ബി വിസയിലൂടെ എത്തിയിരുന്നതെങ്കിൽ, ഈയടുത്ത വർഷങ്ങളിൽ ഇത് 62 ശതമാനമായി ഉയർന്നെന്നും വൈറ്റ് ഹൗസ് വിവരിച്ചു.
