
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഫണ്ട് സ്പോൺസർഷിപ്പ് വഴിയാണെന്നും 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ദേവസ്വം മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ല. അയ്യപ്പ സംഗമത്തിൽ എൻഎസ്എസും എസ്എൻഡിപിയും പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
5000 അധികം രജിസ്ട്രേഷൻ വന്നിരുന്നു. അതിൽ മുൻഗണന വെച്ചാണ് തീരുമാനിച്ചത്. മുമ്പ് വന്നിട്ടുള്ള ആളുകൾ, സംഘടനകൾ എന്നിങ്ങനെയാണ് മുൻഗണന നൽകിയത്. 3500 പേർ പരമാവധി പങ്കെടുക്കുമെന്നും പ്രധാന പന്തൽ (ജർമൻ പന്തൽ) പൂർത്തിയായി എന്നും മന്ത്രി അറിയിച്ചു. മൂന്ന് വേദികളിൽ ചർച്ച നടക്കും. ആദ്യ സെഷനിൽ മാസ്റ്റർ പ്ലാൻ ഉൾപ്പടെ ചർച്ചയാകും. ആകെ 1000 കോടിയിൽ അധികം രൂപയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും. രണ്ടാം സെഷനിൽ തീർത്ഥാടക ടൂറിസവും മൂന്നാം സെഷനിൽ തിരക്ക് ക്രമീകരണവും ചർച്ചയാകും. എൻഎസ്എസ് വൈസ് പ്രസിഡൻ്റ്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ഉൾപ്പടെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.
താമസം സൗകര്യം, യാത്ര സൗകര്യം ഉൾപ്പടെ ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെങ്കിലും വരുന്ന കാര്യത്തിൽ മറുപടി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മാസ്റ്റർ പ്ലാൻ അടക്കം സംഗമത്തിൽ അവതരിപ്പിക്കും. അതിലും സ്പോൺസർമാരെ ഉൾപ്പടെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിലും കോടതി നല്ല നിർദേശങ്ങളാണ് തന്നിട്ടുള്ളത്. സംഗമം നല്ല രീതിയിൽ പോകണം എന്നതാണ് ഹൈക്കോടതിയും സുപ്രീംകോടതിയും പറഞ്ഞിട്ടുള്ളതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
