
തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീർക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. കുടിശ്ശിക തീർക്കാനായി കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചു. 50 കോടി രൂപയാണ് കെഎംഎസ്സിഎല്ലിന് അനുവദിച്ചത്. എന്നാൽ, 2024 ഫെബ്രുവരി മുതൽ 25 മാർച്ച് വരെയുള്ള തുക ലഭിക്കാതെ സമരം നിർത്തില്ലെന്നാണ് വിതരണക്കാരുടെ നിലപാട് തുക അക്കൗണ്ടിൽ എത്തിയാൽ മാത്രമേ വിതരണം പുനസ്ഥാപിക്കുവെന്ന് വിതരണക്കാർ അറിയിക്കുന്നത്. ഉപകരണക്ഷാമത്തെ തുടർന്നു തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അടക്കം പ്രതിസന്ധിയുണ്ട്. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു.
