
മനാമ: ബഹ്റൈനിൽ സ്പോർട്സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയവുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്പോർട്സ് ( എസ്.സി. വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ. പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) യുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, മുനിസിപ്പാലിറ്റി, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ജി.എസ്.എ. സി.ഇ.ഒ. ഡോ. അബ്ദുറഹ്മാൻ അസ്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്.
ടുബ്ലിയിലെ കോംപ്രിഹെൻസീവ് മുനിസിപ്പൽ സെന്ററിലെ ഫുട്ബോൾ മൈതാനത്തിന്റെ വികസനവും സൂഖ് അൽ ഷാബിക്കിന് സമീപമുള്ള മുനിസിപ്പൽ ഹാളിലെ ജി.എസ്.എയുടെ കായിക സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. സൗകര്യ കാര്യക്ഷമത വർദ്ധിപ്പിക്കാനും എല്ലാ തലങ്ങളിലും കായിക വിനോദങ്ങൾക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടുള്ള സർക്കാർ സ്ഥാപനങ്ങൾക്കായുള്ള ഒരു സംയോജിത സൗകര്യ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
