
കൊല്ലം: കണ്ണനല്ലൂരിൽ എൽസി സെക്രട്ടറി സജീവിനെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ്. മുഖ്യമന്ത്രി സഭയിൽ പറഞ്ഞ എഫ്ഐആർ നമ്പർ മറ്റൊരു കേസിൻ്റേതാണ്. തെറ്റായ കാര്യങ്ങൾ എഴുതിക്കൊടുത്ത് പൊലീസ് മുഖ്യമന്ത്രിയെ കബളിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ടു.
കണ്ണനല്ലൂർ കസ്റ്റഡി മർദന ആരോപണത്തിൽ മുഖ്യമന്ത്രി പറഞ്ഞ ക്രൈം നമ്പർ 1338/25ലെ പ്രതി പുലിയില സ്വദേശി വിനോദ് ആണെന്നും സജീവല്ലെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയപ്പോൾ പൊലീസ് മർദിച്ചെന്നായിരുന്നു എൽസി സെക്രട്ടറി സജീവിൻ്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജീവ് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.
