
തിരുവനന്തപുരം: സ്ത്രീ ക്ലീനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്താണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ ആരും അവഗണിക്കരുത്. ജീവിതത്തിന്റെ മുന്‍ഗണനയില്‍ ആരോഗ്യവും ഉള്‍പ്പെടണം. 6 മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം.
ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നു. സ്ത്രീ ക്ലിനിക്കിലൂടെ രോഗപ്രതിരോധത്തോടൊപ്പം ആരോഗ്യമുള്ള ശരീരവും മനസുമാണ് ലക്ഷ്യമിടുന്നത്. കാന്‍സര്‍ സ്ക്രീനിംഗിലും പരിശീലനം സിദ്ധിച്ചവരാണ് ഇവിടെയുള്ളത്.
5415 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യമുണ്ട്. സ്ത്രീസംബന്ധമായ പ്രശ്നങ്ങളും ഇവിടെ പരിഹരിക്കുന്നാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
