
തിരുവനന്തപുരം: പീച്ചി സ്റ്റേഷനിൽ വച്ച് ഹോട്ടൽ ഉടമയുടെ മകനയെും ജീവനക്കാരനെയും മർദ്ദിച്ച എസ്എച്ച്ഒ പിഎം രതീഷിന് സസ്പെൻഷൻ. അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന് രണ്ടര വർഷത്തിന് ശേഷമാണ് നടപടിയുണ്ടായത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സഹിതം ന്യൂസ് അവർ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ദക്ഷിണമേഖല ഐജിയുടെ നടപടി. സസ്പെൻഷനല്ല, രതീഷിനെ പിരിച്ചുവിടണമെന്ന് ഹോട്ടലുടമയും പരാതിക്കാരനായ ഔസേപ്പ് ആവശ്യപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്ക കേസിലാണ് ഉടമയായ ഔസേപ്പിന്റെ മകനെയും ഹോട്ടൽ മാനേജരെയും പീച്ചി എസ്ഐയായിരുന്ന രതീഷ് സ്റ്റേഷനിൽ വിളിച്ചു വരുത്തി തല്ലിയത്. 2023 മെയ് 25നായിരുന്നു മർദ്ദനം.
ഈ ദൃശ്യങ്ങള്‍ പുറത്തുവരുന്നതിന് മുമ്പേ തന്നെ തൃശൂർ അഡീഷണൽ കമ്മീഷണർ തെളിവുകള്‍ പരിശോധിച്ച് രതീഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ഉത്തര മേഖല ഐജിയുടെ കൈയിൽ റിപ്പോർട്ടിരിക്കുമ്പോഴാണ് എസ്ഐയായ രതീഷിന് സ്ഥാനക്കയറ്റം നൽകിയ കൊച്ചി കടവന്ത്ര എസ്എച്ച്ഒയായി നിയമിച്ചത്. അന്വേഷണ റിപ്പോർട്ടും വെളിച്ചം കണ്ടില്ല, സിസിടിവിയും പുറത്തുവിടാൻ പൊലീസ് തയ്യാറായില്ല. ഔസേപ്പ് നടത്തിയ പോരാട്ടത്തിനൊടുവിലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ദക്ഷിണ മേഖല ഐജിയുടെ ഓഫീസിലേക്ക് റിപ്പോര്‍ട്ട് കൈമാറിയത്. രതീഷിൻെറ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐജി ശ്യാം സുന്ദർ സസ്പെൻഡ് ചെയ്തത്. ഔസേപ്പ് മാത്രമല്ല, നിരവധി പേർ രതീഷിൻെറ മൂന്നാം മുറയ്ക്കെതിരെ പരാതി നൽകിയിരുന്നു. പക്ഷേ അതിലൊന്നും നടപടിയുണ്ടായിട്ടില്ല. രതീഷിനെതികെ വകുപ്പ്തല അന്വേഷണവും നടത്തും.
