
മനാമ: ബഹ്റൈനിൽ വ്യാജ ഇൻഷുറൻസ് ക്ലെയിമുകളിലൂടെ പണം തട്ടിയെടുത്ത പത്തു പേർക്ക് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചതായി സാമ്പത്തിക, കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾക്കായുള്ള പബ്ലിക് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.
സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെയും ലേബർ ഫണ്ടി(തംകീൻ)ന്റെയും ഇലക്ട്രോണിക് സിസ്റ്റം വഴി തെറ്റായ ഡാറ്റ സമർപ്പിച്ചതിനും വ്യാജ രേഖകൾ ഉപയോഗിച്ച് രണ്ട് സ്ഥാപനങ്ങളിൽനിന്ന് നിയമവിരുദ്ധമായി 2,30,000 ദിനാറിൽ കൂടുതൽ നേടിയതിനും രണ്ട് പ്രതികൾക്ക് 1,00,000 ദിനാറും ബാക്കിയുള്ളവർക്ക് 500 ദിനാറും പിഴ ചുമത്തി. പത്ത് വർഷം മുതൽ ഒരു വർഷം വരെയാണ് തടവുശിക്ഷ.
സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽനിന്ന് പബ്ലിക് പ്രോസിക്യൂഷൻ ഫോർ ഫിനാൻഷ്യൽ ആൻ്റ് മണി ലോണ്ടറിംഗ് ക്രൈംസിന് ലഭിച്ച റിപ്പോർട്ടുകളെ തുടർന്നാണ് കേസെടുത്തത്. നിരവധി കമ്പനി ഉടമകൾ ഓർഗനൈസേഷന്റെ ഫണ്ടിൽനിന്ന് നിയമവിരുദ്ധമായി 90,000 ദിനാറിൽ കൂടുതൽ കൈ ക്കലാക്കിയതായും കണ്ടെത്തി.
തങ്ങളുടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ വ്യാജ രേഖകൾ സമർപ്പിച്ച്, വേതന സഹായമായി നൽകിയിരുന്ന ഫണ്ടിൽനിന്ന് 1,40,000 ദിനാറിൽ കൂടുതൽ നിയമവിരുദ്ധമായി ഇതേ പ്രതികൾ നേടിയതായി തംകീനിൽനിന്ന് പബ്ലിക് പ്രോസിക്യൂഷന് നിരവധി റിപ്പോർട്ടുകൾ ലഭിച്ചു.
പബ്ലിക് പ്രോസിക്യൂഷൻ ഉടൻ തന്നെ അന്വേഷണമാരംഭിച്ചു. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ പ്രതിനിധികളായ തംകീനിൽനിന്നും മറ്റ് സാക്ഷികളിൽനിന്നും മൊഴിയെടുത്തു. യാത്രാ വിലക്കുകൾ പുറപ്പെടുവിക്കുകയും പ്രതികളുടെ അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കുകയും ചെയ്തു. അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന്റെ അഴിമതി വിരുദ്ധ കുറ്റകൃത്യ ഡയറക്ടറേറ്റ് അന്വേഷണം നടത്തി പ്രതികളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും നീക്കങ്ങളും ട്രാക്ക് ചെയ്യാൻ നാഷണൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റിനെ ചുമതലപ്പെടുത്തി. കമ്പനികളിലെ ജീവനക്കാരിൽനിന്ന് സാക്ഷ്യപത്രങ്ങൾ എടുത്തു. മെറ്റീരിയൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിലെ ഒരു വ്യാജരേഖ വിദഗ്ദ്ധൻ അവരുടെ തൊഴിൽ കരാറുകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. പിന്നീട് കേസ് കോടതിക്ക് കൈമാറി.
