
കൊച്ചി: പത്തനംതിട്ട എസ്എഫ്ഐ മുൻ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോടിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. 2012 ഒക്ടോബറിൽ കോന്നി സിഐ ആയിരുന്നു മധു ബാബു മർദ്ദിച്ചെന്നാണ് ആരോപണം. ഡിവൈഎസ്പി മധു ബാബുവിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ആണ് കെ ജയകൃഷ്ണൻ. കസ്റ്റഡി മർദ്ദനത്തിൽ 2016 ൽ മധു ബാബുവിനെതിരെ പത്തനംതിട്ട എസ്പി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
2012ൽ നടന്ന കസ്റ്റഡി മർദനം വിവരിച്ച് ജയകൃഷ്ണൻ തണ്ണിത്തോട് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചെന്നും കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജയകൃഷ്ണന് എഴുതിയിരുന്നു. മധു ബാബുവിനെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്തെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു.
കേരള പൊലീസിൽ ഒട്ടേറെ തവണ ക്രിമിനൽ സംഭവങ്ങളിൽ ആരോപണ വിധേയനായ ആളാണ് മധു ബാബു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ഒരു മാസം തടവിനും 1000 പിഴയടയ്ക്കാനും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദ്ദിച്ച കേസിലായിരുന്നു നടപടി. 2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് ഈ മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു. സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്‍ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർത്ഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധുബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.
